കോട്ടയം: ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി കണ്ട ഒരു വാർത്ത ഉണ്ടായിരുന്നു. കോട്ടയം ഏറ്റുമാനൂരിന് സമീപമുള്ള ഒരു സ്വകാര്യ സ്റ്റുഡിയോയിൽ നമ്മുടെ മുഖം പ്രിന്റ് ചെയ്ത ഫേസ് മാസ്ക് ലഭിക്കുമത്രേ. വാർത്ത കണ്ടപ്പോൾ അത്ഭുതം തോന്നി. പക്ഷെ അതിനോടൊപ്പം തന്നെ ചില കാര്യങ്ങളും ഓർമിപ്പിക്കട്ടെ.
അതായത് തുണിയിൽ പെയിന്റ് ഉപയോഗിച്ച് പ്രിൻറിംഗ് ചെയ്യുകയാണ് ഇത്തരം ഫേസ് മാസ്ക്. ഈ പ്രിന്റിങ്ങിനു വെറും 10 മിനിറ്റ് മാത്രം മതിയത്രെ. ഭംഗിക്കൊപ്പം ഇത്തരത്തിലുള്ള ഫേസ് മാസ്ക് വാങ്ങിക്കുന്നവർ ഇതിനു ഉണ്ടാകാൻ സാധ്യതയുള്ള ദോഷ ഫലം കൂടി മനസ്സിലാക്കുന്നത് നല്ലതാണ്.
ഇത്തരം ഫേസ് മാസ്ക് ഉണ്ടാക്കുന്നത് തുണിയിൽ പെയിന്റ് ഉപയോഗിച്ച് പ്രിന്റ് ചെയ്‌താണ് . ഇത്തരം പെയിന്റുകളുടെ മണം കുറച്ച് സമയത്തേക്ക് ആ തുണിയിൽ ഉണ്ടാകും. അതിനാൽ ഇത് പെട്ടെന്ന് ധരിക്കുന്നതു മൂലം അലർജി ഉള്ളവർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്. മണം അലർജി ഉള്ളവർക്ക് തുമ്മൽ ഉൾപ്പെടെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
മറ്റൊരു ദോഷ വശം ഇതാണ്. തുണിയിൽ പെയിന്റ് ഉപയോഗിച്ച് പ്രിന്റ് ചെയ്യുമ്പോൾ , ആ തുണിയിലെ ഒട്ടു മിക്ക സുഷിരങ്ങളും അടയുവാനും സാധ്യതയേറെയാണ്. തന്മൂലം സാധാരണ മാസ്കിനെ അപേക്ഷിച്ച് ശ്വാസോച്ചാസം നടത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകാം.
തുണിയിൽ ക്വാളിറ്റി കൂടിയ പ്രിന്റിങ് ആണെങ്കിൽ മണം ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ മാസ്കിന്റെ വിപണി കണക്കിലെടുത്ത് ഇത്തരത്തിൽ വില കുറഞ്ഞ പ്രിന്റിംഗ് നടത്തുന്ന കടകളും ഏറെയുണ്ട്.
ആയതിനാൽ എന്തുകൊണ്ടും നല്ലത്, സാധാരണ തുണിയിൽ ഉള്ള മാസ്‌കോ , അതല്ലെങ്കിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ലഭിക്കുന്ന മാസ്‌കോ ഉപയോഗിക്കുന്നതാകും. മാസ്ക് ലഭ്യമല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറക്കുന്നതിനും നിയമപരമായി വിലക്കൊന്നുമില്ല.
ആയതിനാൽ മനസ്സിലാക്കുക, ഭംഗി മാത്രമല്ല നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ട കടമ നമുക്ക് തന്നെയാണ്.
