സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്; കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയില്‍ പഞ്ചായത്തുകള്‍. കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 33 ആയി. കണ്ടൈന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതെസമയം സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ അഞ്ച് പേര്‍ക്കും, മലപ്പുറം മൂന്ന് പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ പാലക്കാട് ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാ രോഗികളും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എട്ട് പേര്‍ക്കുമാണ് രോഗ ബാധ. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. ഗുജറാത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് മറ്റ് രണ്ട് പേര്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 642 ആയി. നിലവില്‍ 142 പേര്‍ ചികിത്സയിലുണ്ട്.

Exit mobile version