തൊഴിലുറപ്പിന് പോയാണ് മകൾക്ക് പഠിക്കാനുളള തുക കണ്ടെത്തിയത്, ഇപ്പോൾ ഞാന്‍ ഏറ്റവും സന്തുഷ്ട’; ശ്രീധന്യ ഐഎഎസിന്റെ അമ്മ പറയുന്നു

കോഴിക്കോട്: തൊഴിലുറപ്പ് പണിക്ക് പോയിട്ടാണ് മകളുടെ വിദ്യാഭ്യാസത്തിനുളള തുക കണ്ടെത്തിയതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായ ശ്രീധന്യ സുരേഷിന്റെ അമ്മ കമല. പൊന്ന് വയ്ക്കേണ്ടിടത്ത് പൂവ് വച്ച് മക്കളെ വളർത്തുന്നവർ എന്നൊരു ചൊല്ലുണ്ട് നാട്ടിൻപുറത്ത്. അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെയാണ് ശ്രീധന്യയെ താൻ വളർത്തിയതെന്നും കമല പറഞ്ഞു.

ശ്രീധന്യയുടെ അമ്മ കമലം പറയുന്നു

പല കുറവുകളുണ്ടായിട്ടും ഒന്നിനും ഒരിക്കലും അവൾ പരാതി പറഞ്ഞില്ലെന്ന് മാത്രം. ഞങ്ങളുടെ കഷ്ടപ്പാടും പരിമിതികളുമൊക്കെ അവൾക്ക് അറിയാമായിരുന്നു. ഞങ്ങളെ കൊണ്ട് ആകുന്നതല്ലാതെ, ഇതുവരെ ഒന്നും അവൾ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുമില്ല. ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മമാരിൽ ഒരാൾ ഞാൻ തന്നെയാകും. കഷ്ടപ്പാടൊന്നും വെറുതെയായില്ല എന്ന ആനന്ദമാണിപ്പോൾ. അവളുടെ സ്വപ്നം അവൾ നിറവേറ്റി. അതിന് ആവുന്ന പോലെ പിന്തുണ നൽകി എന്നതേ ഞങ്ങൾ ചെയ്തിട്ടുളളൂ.

തൊഴിലുറപ്പ് പണിക്ക് പോയാണ് ശ്രീധന്യയുടെ വിദ്യാഭ്യാസത്തിനുളള തുക കണ്ടെത്തിയത്. മക്കൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോഴൊക്കെയും എന്നെങ്കിലുമൊരിക്കൽ നല്ലകാലം വരുമെന്ന് ഉറപ്പുണ്ടായിരുന്നു. ഓരോ കോഴ്സ് കഴിയുമ്പോഴും ഇനിയും പഠിക്കണം അമ്മേ എന്ന് മാത്രമായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്. വീട്ടിൽ കഷ്ടപ്പാടായിട്ടും ഇഷ്ടമുളള കാലം പഠിച്ചോ എന്നല്ലാതെ പഠനം നിർത്തണം എന്ന് ഒരിക്കലും ഞങ്ങൾ പറഞ്ഞിട്ടില്ല. വീട്ടിൽ കറന്റ് പോയാൽ മെഴുകുതിരി വെട്ടത്തിലോ, വിളക്ക് തെളിച്ചുവെച്ചോ പഠിക്കണം. നല്ലൊരു പഠനമേശ പോലും അവൾക്ക് ഉണ്ടാക്കി കൊടുക്കാൻ ആയിട്ടില്ല. എങ്കിലും നിരാശയില്ല. എല്ലാ പരിമിതികളെയും അവൾ മറികടന്നല്ലോ.

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷിന് സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കായിരുന്നു. വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ കുറിച്യ വിഭാഗത്തിൽപ്പെട്ടതാണ്. തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം, കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശ്രീധന്യ തുടര്‍ന്നാണ് സിവിൽ സർവീസിൽ വിജയനേട്ടം കരസ്ഥമാക്കിയത്.

Exit mobile version