കൊല്ലം: മൂന്നു മാസത്തിനിടെ രണ്ടു തവണ പാമ്പു കടിയേറ്റ ഉത്ര (25) മരിച്ചു. ആദ്യത്തെ പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും പാമ്പിന്റെ കടിയേറ്റത്. പുഷ്പഗിരി ആശുപത്രിയിലെ തുടർ ചികിത്സയ്ക്കായി ഇന്നലെ ഉത്ര പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. രാത്രിയിൽ വീട്ടിൽ വെച്ച് കരിമൂർഖന്റെ കടിയേൽക്കുകയായിരുന്നു. ഉറക്കത്തിന്നിടയിൽ തന്നെ യുവതി മരിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ വിളിക്കുമ്പോൾ അബോധാവസ്ഥയിലായ നിലയിലായിരുന്നു. തുടർന്നു അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഉത്ര മരിച്ചതായി വീട്ടുകാർ അറിഞ്ഞത്. മരണം പാമ്പ് കടിയേറ്റ് എന്നാണു ആശുപത്രി അധികൃതർ മാതാപിതാക്കളോട് പറഞ്ഞത്. പക്ഷെ പാമ്പ് കടിച്ചത് മൂന്നു മാസം മുൻപാണ് എന്നും അതിനുള്ള ചികിത്സയിൽ തുടരുന്നതിന്നിടെയാണ് മരണം എന്നാണ് വീട്ടുകാർ പറഞ്ഞത്.
തുടർന്ന് വീണ്ടും വിശദമായി പരിശോധിച്ച ആശുപത്രി അധികൃതർ മരണം വീണ്ടും കയ്യിൽ പാമ്പ് കടിയേറ്റെതിനെ തുടർന്നു തന്നെയെന്നു ഉറപ്പിക്കുകയായിരുന്നു. തുടർന്നു വീട്ടിൽ വന്നു പരിശോധിച്ചപ്പോൾ ഉത്ര കിടന്നിരുന്ന മുറിയിൽ കരിമൂർഖനെ തന്നെ കാണുകയായിരുന്നു.
അടൂരിൽവെച്ച് മൂന്നു മാസം മുൻപാണ് ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് മാർച്ച് രണ്ടിനാണ് ഉത്രയെ അണലി കടിച്ചത്. എന്നാൽ യുവതി ചികിത്സയിൽ സുഖം പ്രാപിക്കുകയായിരുന്നു. പക്ഷെ മരണം പാമ്പിന്റെ തന്നെ രൂപത്തിൽ തന്നെ എത്തി ഉത്രയെ കൂട്ടിക്കൊണ്ടു പോയി.
വൃത്തിയുള്ള എസിയുള്ള മുറിയിലാണ് ഉത്രയും ഭർത്താവും ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ പാമ്പ് കയറി എന്ന് വീട്ടുകാർക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. മുറിയിൽ തുണികൾക്കിടയിലാലാണ് കരിമൂർഖൻ ഇരുന്നത്.
രണ്ടു വർഷം മുൻപാണ് ഉത്രയെ വിവാഹിതയാകുന്നത് . ഒരു വയസുള്ള മകനുണ്ട് .