കോട്ടയം: ചുമട്ടു തൊഴിലാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 23ന് അടച്ച കോട്ടയം മാര്‍ക്കറ്റ് ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് പ്രവര്‍ത്തനം. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് അനുമതിയെന്നു അറിയുന്നു .
ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ റെഡ്സോണിന്റെ നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനം നിരത്തിലിറങ്ങിയതോടെ പൊലീസുകാരും നിസഹായരായി.
രാവിലെ കോട്ടയത്തേക്ക് നിരവധി സ്വകാര്യ വാഹനങ്ങൾ എത്തിയെങ്കിലും ഉച്ചയോടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. നഗരം കാണികളായി ചില വിരുതന്മാർ എത്തിയിരുന്നു. ആൾത്തിരക്ക് കൂടിയാൽ ശക്തമായ നടപടികളിലേക്ക് കടക്കാൻ പോലീസും, നഗരസഭയും തയ്യാറാകേണ്ടിയും വരും.
എത്തുന്ന ലോറികള്‍ക്ക് ഹെല്‍പ്പ് ഡസ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്. വാഹനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങള്‍, ലോഡ് ഇറക്കുന്ന സ്ഥാപനം, അനുവദിക്കപ്പെട്ടിട്ടുള്ള സമയം എന്നിവ രേഖപ്പെടുത്തിയശേഷം ഇതേ വിവരങ്ങള്‍ അടങ്ങിയ പാസ് ജീവനക്കാര്‍ക്കു നല്‍കും. ഇവിടെത്തന്നെ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ലോറി ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ലോറി അണുവിമുക്തമാക്കുകയും ചെയ്യും.
ലോറികളിലെ ജീവനക്കാര്‍ക്ക് ഭക്ഷണം ഹോട്ടലുകളില്‍നിന്ന് പാഴ്സലായി എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റില്‍ ഇവർക്കായി പ്രത്യേക ബാത്ത് റൂം സൗകര്യം ഉണ്ട്. തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
ലോറികളില്‍ എത്തുന്നവര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടെത്തിയാല്‍ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോഡ് ഇറക്കിയാലുടന്‍ ലോറികള്‍ മാര്‍ക്കറ്റില്‍നിന്ന് പുറത്തു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.