കോട്ടയം: പ്രവാസികളേയും പ്രവാസി വിദ്യാർഥികളെയും അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് ചാഴികാടന് എംപി ആവശ്യപ്പെട്ടു.
കോട്ടയത്ത് യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻറ് സാജൻ തൊടുകയുടെ നേതൃത്വത്തിൽ നടത്തിയ പാസ്പോർട്ട് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ്എം നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഇതിനു തുടർച്ചയായി കഴിഞ്ഞദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പാർട്ടിയുടെ പാർലമെൻററി ബോർഡ് അംഗങ്ങൾ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.
അതിനുശേഷം കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി ഈ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയേയും സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് യൂത്ത് ഫ്രണ്ട് എം പാസ്പോർട്ട് ഓഫീസിന് മുൻപിൽ സമരം സംഘടിപ്പിച്ചത്.
ധർണയിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപറമ്പൻ, സിറിയക് ചാഴിക്കാടൻ, ജോജി കുറത്തിയാടൻ, കോട്ടയം ജില്ലാ പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ, എന്നിവർ പങ്കെടുത്തു.
തികച്ചും സർക്കാരിൻറെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സാമൂഹ്യ അകലം പാലിച്ച് അഞ്ചുപേർ മാത്രമാണ് ധർണയിൽ പ്രതീകാത്മകമായി പങ്കെടുത്തത്. കേരളത്തിലെ 14 ജില്ലകളിലും തെരഞ്ഞെടുത്ത നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും അതാത് പ്രദേശത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ ധർണ നടത്തി. കോട്ടയത്ത് ധർണയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക അറിയിച്ചു.