കൊല്ലം: കേരളത്തെ നടുക്കിയ ക്രൂരമായ കൊലയ്ക്കിരയായ നാല്പതുകാരിയായ ബ്യൂട്ടീഷന്റെ മരണവുമായി ബന്ധപ്പെട്ടു അകന്ന ബന്ധുവിന്റെ ഭർത്താവിനെ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയുമായ പ്രശാന്താണ് അരും കൊല നടത്തിയത്.
പ്രശാന്ത് കുടുംബത്തോടൊപ്പം പാലക്കാട്ടാണ് താമസിക്കുന്നത്. പ്രശാന്തുമായി നാല്പതുകാരിയായ യുവതിക്ക് അവിഹിത അടുപ്പം ഉണ്ടായിരുന്നു. കാമുകനോട് തന്നെ പാലക്കാട്ടേക്ക് കൊണ്ടു പോകാൻ യുവതി ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി കൂടെ താമസിച്ചിരുന്ന അച്ഛനേയും അമ്മയേയും പ്രശാന്ത് കോഴിക്കോട്ടേക്ക് പറഞ്ഞു വിട്ടു. ഇതിന് ശേഷം ഭാര്യയുമായി കൊല്ലത്ത് എത്തി. ഭാര്യയെ കൊല്ലത്തെ വീട്ടിലാക്കി കാമുകിയുമായി പാലക്കാട്ടേക്ക് പ്രശാന്ത് തിരിച്ചു മടങ്ങി. ഇതിന് ശേഷം മൂന്ന് ദിവസം പാലക്കാട്ടെ വീട്ടിൽ ഇരുവരും താമസിച്ചു.
ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ജോലി ചെയ്തിരുന്ന ബ്യൂട്ടിപാർലറിൽ നിന്ന് കാമുകിയായ യുവതി അവധി എടുത്തത്. ഇത് വീട്ടിൽ പറഞ്ഞതുമില്ല. ഫോണിൽ കൃത്യമായി തന്നെ വീട്ടിൽ വിളിച്ചതു കൊണ്ട് അവരും യുവതി കൊല്ലത്തുണ്ടാകുമെന്ന് കരുതി.
17നാണ് പ്രശാന്ത് സ്വന്തം ഭാര്യയുമൊത്തുകൊല്ലത്ത് എത്തിയത്. 18ന് കാമുകിയുമായി പാലക്കാട്ടേക്ക് മടങ്ങി. 20നായിരുന്നു കൊല നടന്നത്. പാലക്കാട് എത്തിയ യുവതി പ്രശാന്തിനോട് ഒരു അഭ്യർത്ഥന നടത്തി. തനിക്ക് അമ്മയാകാൻ മോഹമുണ്ടെന്നും പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ആയിരുന്നു ഇത്. എന്നാൽ പ്രശാന്ത് ഇതിനെ അംഗീകരിച്ചില്ല.
ഇതോടെ കാമുകിയുടെ സ്വഭാവവും മാറി. അവിഹിത ബന്ധം ഭാര്യയോട് പറയുമെന്ന് പ്രശാന്തിനെ ഭീഷണിപ്പെടുത്തി. ഈ തർക്കം അതിരുവിട്ടപ്പോഴാണ് ബെഡ് റൂമിലുണ്ടായിരുന്ന ടേബിൾ ലാബിന്റെ കേബിൾ കഴുത്തിൽ മുറുക്കി കാമുകിയെ വകവരുത്തിയെന്നാണ് സൂചനകൾ ലഭിക്കുന്നത് .
ഇതിന് ശേഷം മൃതദേഹം കഷ്ണമാക്കി കത്തിക്കാൻ തീരുമാനിച്ചു. കാലും കൈയും മുറിച്ചു മാറ്റി. വീട്ടിന് പുറകിലെ വയലിൽ കൊണ്ടിട്ട് കത്തിക്കാനും ശ്രമിച്ചു. എന്നാൽ മൃതദേഹം കത്തിയില്ല. ഇതോടെയാണ് കുഴിയെടുത്ത് ബാക്കി ഭാഗമെല്ലാം അതിലിട്ട് മൂടിയത്. ഫോൺ കോളുകളുടെ പരിശോധനയിൽ നിന്നാണ് പ്രശാന്തിലേക്ക് അന്വേഷണം എത്തിയത്. കോവിഡിനിടെ അന്വേഷണം ഉണ്ടാകില്ലെന്ന പ്രശാന്തിന്റെ കണക്കു കൂട്ടലും വെറുതെയായി.
കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ പ്രശാന്ത്. യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി മാർച്ച് 18 കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺ വിളി നിലച്ചു. തുടർന്ന് സംശയം തോന്നിയ വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്.