തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എന്നാൽ ഓർഡിനൻസ് ഇറക്കി സാലറി കട്ട് നടപ്പാക്കാമെങ്കിലും ഗവർണർ ഒപ്പിടാൻ തയാറാകണമെന്ന കടമ്പടയുണ്ട്. തൊഴിലെടുത്തതിനു ശമ്പളം നൽകാത്തത് ഭരണഘടനയുടെ തന്നെ ലംഘനമാണെന്നു സംഘടനകൾ ചൂണ്ടിക്കാട്ടിയ നിലയ്ക്ക് ഈ കാരണം പറഞ്ഞു ഗവർണർക്ക് ഓർഡിനൻസ് തിരിച്ചയയ്ക്കാം.
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി 2 മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണെന്നു കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിനു പ്രഥമദൃഷ്ട്യാ നിയമ പിൻബലമില്ലെന്നും കുറ്റപ്പെടുത്തി.
ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. ഓർഡിനൻസ് വഴി നടപടിക്ക് നിയമസാധുത ലഭിക്കും.