കൈറ്റിന്റെ നേതൃത്വത്തിൽ പ്രൈമറി തലത്തിൽ പുതിയ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിടുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി നിർവ്വഹിച്ചു.

കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ബേക്കർ മെമോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയം, കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടന്ന ചടങ്ങും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ ഔദ്യോഗിക മാർഗ്ഗരേഖയും മന്ത്രി പ്രകാശനം ചെയ്തു.

ചിത്രം : സർക്കാരിന്റെ 100 ദിന കർമ്മപരിപാടി – പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതി രൂപരേഖ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.എം.ഷംസുദ്ദീൻ പ്രകാശനം ചെയ്യുന്നു.

ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം , സർഗ്ഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയറുകൾ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ശക്തമായി നടപ്പിലാക്കുമെന്നും, ഇതിനായി സ്കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചിത്രം: സർക്കാരിന്റെ 100 ദിന കർമ്മപരിപാടി – പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതികളുടെ പരിശീലനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.എം.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന ‘താരാപഥം’ അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി ‘സ്കൂൾവിക്കിത്തോൺ’, ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും മന്ത്രി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.

പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐടി കോർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് പദ്ധതി വിശദീകരണം നടത്തി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു .

ജില്ലാ കോർഡിനേറ്റർ തോമസ് വർഗീസ്, ആർ. ബാലചന്ദ്രൻ, ശ്രീകുമാർ പി.ആർ, സെബിൻ സെബാസ്റ്റ്യൻ, അനൂപ് ജി.നായർ, മനു എം.പിള്ള, രഞ്ജിനി എം.എസ്, സാജൻ സാമുവേൽ, പ്രീത ജി.നായർ, രാജേഷ് ആർ, ബിനു.ജി, ഷീനമോൾ കെ.പി., ലക്ഷ്മി കെ ബാലൻ, രാഹുൽ ടി തുടങ്ങിയവർ ജില്ലയിൽ വിവിധ സെഷനുകൾ അവതരിപ്പിച്ചു. തുടർന്നുള്ള ശില്പശാലകൾ ജൂലൈ 27 തിങ്കളാഴ്ച അരുണാപുരം അൽഫോൻസ പാസ്റ്ററൽ സെന്റർ, വാഴൂർ അനുഗ്രഹ റിന്വൂവൽ സെന്റർ എന്നീ കേന്ദ്രങ്ങളിൽ നടത്തപ്പെടും

Exit mobile version