താങ്ക് യു ഫ്രെണ്ട്‌സ്’; തൻ്റെ വാക്കുകള്‍ നിരീക്ഷിച്ചതിനും കേട്ടതിനും നന്ദിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കുമ്പോൾ വീണ്ടും ഇന്‍സ്റ്റഗ്രാം വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസത്തെ സന്ദേശം ഏറ്റെടുത്ത വിദ്യാര്‍ത്ഥികളോട് നന്ദി അറിയിച്ചാണ് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ. താന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നന്ദിയുണ്ടെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറയുന്നത്.

ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ എല്ലാ വിദ്യാര്‍ത്ഥികളും കണ്ടതിനും കേട്ടതിനും നന്ദിയെന്ന് വീഡിയോയിൽ പറയുന്നു. ടു ആള്‍ മൈ ഡിയര്‍ ഫ്രണ്ട്‌സ് എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് പുതിയ വീഡിയോ. എല്ലാവരും കൃത്യമായി വീഡിയോ സന്ദേശം കേട്ടു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താനുണ്ട് എന്നും വീഡിയോയില്‍ അദ്ദേഹം ഉറപ്പ് നൽകുന്നുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി 12 മണിക്കാണ് വീഡിയോ സന്ദേശം നല്‍കിയതെങ്കില്‍ ഇന്ന് 11 മണിയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ നിങ്ങളെ കാണാനുള്ള അവസരം ലഭിച്ചു. ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നിങ്ങള്‍ എങ്ങനെയാണോ പ്രതികരിച്ചത് അതില്‍ നിങ്ങള്‍ നല്‍കിയ പോസിറ്റീവായ നിര്‍ദേശങ്ങള്‍ക്ക് നന്ദി. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹം തുടരട്ടെ, നമ്മുടെ ബന്ധം എന്നും ഇതുപോലെ നിലനില്‍ക്കട്ടെ.. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി’

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാർത്ഥികളും പ്രതിപക്ഷ എം പിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചത്. പാർലമെന്റിന്റെ നിലവിലെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബിൽ എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ‘ഇത് നിസാരമായി കാണാനാകുന്ന വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്’ എന്നായിരുന്നു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ‘വിദ്യാർഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാൻ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അതിനാൽ എത്രയും വേഗം പരീക്ഷ വീണ്ടും നടത്തേണ്ടത് അനിവാര്യമായിരുന്നു’വെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

 

Exit mobile version