തിരുവനന്തപുരം: ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്തും പ്രതിഷേധം കനക്കുകയാണ്. ലോക്ഭവനിലേക്ക് എസ്എഫ്‌ഐ അവകാശപത്രികാ സമര്‍പ്പണ മാര്‍ച്ച് നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്തത്. ഉദ്ഘാടനത്തിന് ശേഷം മാര്‍ച്ച് സംഘര്‍ഷ ഭരിതമായി. വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ പൊളിച്ചു. പല തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോക്ഭവന് മുന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ്.
പാലക്കാടും എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധമുണ്ടായി. പാലക്കാട് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്കായിരുന്നു എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച്. ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിന് അകത്തേക്ക് തള്ളികയറിയ പ്രവര്‍ത്തകര്‍ പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. ഇവിടേക്ക് യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തിയിരുന്നു. കോട്ടയത്തും എസ്എഫ്ഐ പ്രതിഷേധം നടക്കുകയാണ്. പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധം ശക്തി ചോരാതെ തുടര്‍ന്നു. കോട്ടയത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. കോഴിക്കോട്ടും എസ്എഫ്‌ഐ പ്രതിഷേധം തുടരുകയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക എന്ന ആവശ്യമുന്നയിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം. കൊച്ചിയിലുണ്ടായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പല വിദ്യാര്‍ത്ഥികളും കുഴഞ്ഞു വീണു.
സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി കെ സുധാകരന്‍ എം പി ജന്തര്‍ മന്തറില്‍ എത്തി. പവന്‍ ഖേരയ്ക്ക് ശേഷം എത്തുന്ന ആദ്യ കോണ്‍ഗ്രസ് നോതാവാണ് സുധാകരന്‍. കോണ്‍ഗ്രസ് പരസ്യമായി സിജെപിക്ക് പിന്തുണ നല്‍കിയിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്. കെ സുധാകരന്‍ എംപിയുടെ പിന്തുണ വ്യക്തിപരമായി സിജെപി പ്രതിഷേധത്തിനുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സന്ദര്‍ശനം.
അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാലാം ദിനവും പാര്‍ലമെന്റ് സ്തംഭിച്ചു. ഉപാധിയില്ലാതെ ചര്‍ച്ചയ്ക്ക് വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. പ്രതിപക്ഷം സഭ മുന്നോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം. നിലവില്‍ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായതിന് പിന്നാലെ പരീക്ഷ ക്രമക്കേടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് രംഗത്തെത്തി. പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നാണ് മോദി പ്രതികരിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഇതിന് വേണ്ടി സ്ഥാപിക്കും. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി എന്നും മോദി സമൂഹമാധ്യമ പോസ്റ്റിലൂടെ പ്രതികരിച്ചു. ചരിത്രപരമായ തീരുമാനം എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുടെ പ്രതികരണം. ഇതിനിടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നാശത്തിന് പ്രോത്സാഹനം നല്‍കിയത് നരേന്ദ്ര മോദി എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായ എല്ലാവരെയും മോദി സംരക്ഷിച്ചു എന്നും രാഹുല്‍ കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ അവസാനത്തിന്റെ ആരംഭം എന്ന് കെസി വേണുഗോപാലും പ്രതികരിച്ചു.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചേ മതിയാകൂ എന്നാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതികരണം. അതേസമയം പാര്‍ലമെന്റ് കവാടത്തില്‍ ഭരണ- പ്രതിപക്ഷ വാക്ക് തര്‍ക്കം ഉണ്ടായി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുല്‍ ഗാന്ധിക്ക് എതിരെ ഭരണപക്ഷവും പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചതോടെയാണ് എംപിമാര്‍ തമ്മില്‍ വലിയ വാക്ക് തര്‍ക്കം ഉണ്ടായത്. ഇതിനിടെ ജന്തര്‍ മന്തറില്‍ സിജെപി പ്രവര്‍ത്തകരും പൊലീസും നേര്‍ക്കുനേര്‍ എന്നും വിവരമുണ്ട്. സുരക്ഷയ്ക്കായി ഡല്‍ഹിയില്‍ 30 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചു. 16 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചു. പാര്‍ലമെന്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിനായി ഡല്‍ഹി പൊലീസ് 20 സംഘങ്ങളെ നിയോഗിച്ചു. അതേസമയം സിജെപി നേതാക്കന്മാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇന്നലെ രാത്രി പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ജൂലൈ 27 വരെ കൂടുതല്‍ കേന്ദ്രസേന ഡല്‍ഹിയില്‍ തുടരും. രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഐടിഒ ഉള്‍പ്പെടെ 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. പാര്‍ലമെന്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ ഇതുവരെ 10 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരത്തിന് പെപ്പര്‍സ്‌പ്രേ ഉള്‍പ്പെടെ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. വാട്‌സ്ആപ്പ് ചാറ്റുകളും സമൂഹമാധ്യമ പോസ്റ്റുകളും പൊലീസ് പരിശോധിക്കും. പ്രശ്‌നമുണ്ടാക്കുന്നത് സമരക്കാര്‍ അല്ലെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ പറഞ്ഞിരുന്നു.
