കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം; അവസാനത്തെ മൃതദേഹം കൂടി കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയുടെ കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തില്‍ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹിമാചല്‍ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്താനുണ്ടായിരുന്നത്. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹം വിക്രം റാണയുടേതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ദുരന്തം നടന്ന് ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം ലഭിക്കുന്നത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു.

ജൂലൈ എട്ടിനാണ് വയനാട് കളളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. തുരങ്ക പാത ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍ പെട്ടത്. ഇതിലേറെയും അതിഥി തൊഴിലാളികളായിരുന്നു. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടവരെയും സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെയും അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്കുളള ഏക പാതയിലാണ് അപകടമുണ്ടായത്.

 

Exit mobile version