തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്ന്

ആലപ്പുഴ: ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയയുടെ രണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്നുതന്നെ. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നില്‍ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടുക.

സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം വണ്ടാം മെഡിക്കല്‍ കോളേജില്‍ നടന്നത്. സംഭവത്തില്‍ അന്വേഷണം ഊജ്ജിതമാക്കുകയാണ് പൊലീസ്. ഇന്ന് മാതാപിതാക്കളുടെയും ഉസ്‌ബെക്കിസ്താനില്‍ പോയ ബന്ധുവിന്റെയും മൊഴി രേഖപ്പെടുത്തും. കേസില്‍ സാക്ഷികള്‍ ഇല്ലെന്നാണ് ബുഖാറ പൊലീസിന്റെ റിപ്പോര്‍ട്ട്.

ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍വെച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) അറസ്റ്റിലായിരുന്നു. ഉസ്ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

പ്രതി സദറുല്‍ അനം മുമ്പും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് സംശയമുണ്ട്. സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി നേരത്തെയും സാവരിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് മൊഴി. താഴെ വീണു എന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല.

Exit mobile version