വിഴിഞ്ഞം തുറമുഖത്ത് കരാർ ലംഘിച്ച് അദാനി പോർട്ട്‌സ്; 2 വർഷത്തിനിടെ ചുമത്തിയത് 15 കോടി, നടപടി ദിവ്യ MD ആയിരിക്കെ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കരാര്‍ ലംഘിച്ച് അദാനി പോര്‍ട്ട്‌സ്. കരാര്‍ വ്യവസ്ഥാ ലംഘനത്തിന് അദാനി പോര്‍ട്ട്‌സിന് വിഴിഞ്ഞം തുറമുഖ കമ്പനി പതിനഞ്ച് കോടി രൂപ പിഴ ചുമത്തി. ദിവ്യ എസ് അയ്യര്‍ എംഡിയായിരിക്കെയായിരുന്നു ഈ സംഭവം. രണ്ട് വര്‍ഷത്തിനിടെയായിരുന്നു അദാനി പോര്‍ട്ട്‌സിന് വിഴിഞ്ഞം തുറമുഖ കമ്പനി പതിനഞ്ച് കോടി രൂപ പിഴ ചുമത്തിയത്. കരാര്‍ വ്യവസ്ഥാ ലംഘനത്തിന് എട്ട് തവണയായിരുന്നു വിഴിഞ്ഞം കമ്പനി അദാനി പോർട്ട്സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഓരോ വര്‍ഷവും കൃത്യമായ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തുറമുഖ കമ്പനിക്ക് നല്‍കണം എന്ന് കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അദാനി പോര്‍ട്ട്‌സ് ഇതുവരെ തുറമുഖ കമ്പനിക്ക് നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദീകരണം തേടി എംഡിയായിരുന്ന ദിവ്യ എസ് അയ്യര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കാന്‍ അദാനി പോര്‍ട്ട്‌സ് തയ്യാറായില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി തുക കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന തുക ആ അക്കൗണ്ട് വഴി മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ എന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ആ വ്യവസ്ഥയും അദാനി പോര്‍ട്ട്‌സ് പാലിച്ചില്ല. വ്യവസ്ഥ ലംഘിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അദാനി പോര്‍ട്ട്‌സ് പണം മാറ്റി. ഇതിലും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അദാനി പോര്‍ട്ട്‌സ് കൃത്യമായ മറുപടി നല്‍കിയില്ല. സര്‍ക്കാര്‍ അനുവദിച്ച പണം ചെലവഴിച്ചതിന്റെ കണക്കുകള്‍ നല്‍കാത്തതിലും വരുമാനത്തിന്റെ സ്രോതസ് ഹാജരാക്കുന്നതിലും അദാനി പോര്‍ട്ട്‌സ് വീഴ്ച വരുത്തി. ഇതിലും ദിവ്യ എസ് അയ്യര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പുറമേ അദാനി പോര്‍ട്ട്‌സിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും ദിവ്യ എസ് അയ്യര്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ അടക്കമായിരുന്നു പതിനഞ്ച് കോടി രൂപ പിഴ ചുമത്തിയത്.

രണ്ടര വര്‍ഷക്കാലം ദിവ്യ എസ് അയ്യര്‍ തുറമുഖ കമ്പനിയുടെ എംഡി സ്ഥാനത്തുണ്ടായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിന് വന്നതിന് പിന്നാലെയായിരുന്നു ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെ സംഭവം വിവാദമായി.

Exit mobile version