പിഎസ്സി പരീക്ഷ ക്രമക്കേട്; പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നീക്കം. ആസൂത്രണ ബോര്‍ഡ് കെഎഎസ് പരീക്ഷ ക്രമക്കേടിലെ പരാതിക്കാരുടെ മൊഴിയാണ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തുക. മുഖ്യമന്ത്രിക്ക് ലഭിച്ച മുഴുവൻ പരാതികളിലും അന്വേഷണം നടത്താനാണ് തീരുമാനം. പരീക്ഷാ ക്രമക്കേടിലെ മാധ്യമ വാര്‍ത്തകളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന വിവരവുമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിനുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണ സംഘത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ഉണ്ടാകും. ഇന്നലെ മന്ത്രിസഭാ യോഗം പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. അതിവേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭാ യോഗത്തിന്‍റെ നിര്‍ദ്ദേശം. ആസൂത്രണ ബോര്‍ഡ് ചീഫ് കെഎഎസ് പരീക്ഷകളിലാണ് ക്രമക്കേട് പരാതി ഉയര്‍ന്നത്. സമാന തസ്തകയില്‍ മുന്‍പ് നടന്നിട്ടുള്ള അഭിമുഖത്തിലെ ക്രമക്കേടിലും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലെ ക്രമക്കേടിലും പരാതിയുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരിക്ഷയിലും പരാതി ലഭിച്ചിട്ടുണ്ട്.

പിഎസ്‌സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യമാണുള്ളത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്തു വരുന്നുണ്ട്. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായുള്ള വിവരം പുറത്തുവന്നതായിരുന്നു വിഷയം വിവാദമാകാന്‍ കാരണം. അസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളുടെ ചിഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്‍കി. ഇതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്സി സമ്മതിച്ചത്. അഭിമുഖത്തില്‍ സുപ്രീം കോടതി നിര്‍ദേശം ലംഘിച്ച് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നും പരാതി ഉയര്‍ന്നിരുന്നു.

 

Exit mobile version