നടുക്കം മാറാതെ വയനാട്; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ ഉണ്ടായ തുരങ്കപാത നിര്‍മാണ മേഖലയിലെ അപകടത്തില്‍ ഇനി കണ്ടെത്താനുളളത് കരാര്‍ കമ്പനി ജീവനക്കാരടക്കം അഞ്ച് പേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ എന്നിവരാണ് മരിച്ചത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വയനാട് കള്ളാടിയില്‍ എത്തുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ധിഖും എപി അനില്‍കുമാറും ജില്ലയില്‍ തുടരുകയാണ്. അപകട മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഹിമാല്‍പ്രദേശ് സ്വദേശികളായ വിക്രം റാണ(കണ്‍സ്ട്രക്ഷന്‍ മാനേജര്‍), രാഹുല്‍(എഞ്ചിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇംറാന്‍(എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍), പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുചൈത്(സര്‍വേയര്‍), ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി(സര്‍വേയര്‍) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരിക്കേറ്റ ദിലീപ്, രജനീഷ് എന്നിവര്‍ ഐസിയുവില്‍ തുടരുകയാണ്.

ദുരന്തമേഖലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ ആളുകള്‍ പുനരധിവാസ ക്യാമ്പുകളില്‍ തുടരുകയാണ്. ഇന്നലെയാണ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. 47 കുടുംബങ്ങളില്‍ നിന്ന് 140 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളത്. മേപ്പാടി പോളിടെക്‌നിക് കോളേജിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്തിനു സമീപത്തെ എസ്റ്റേറ്റിലെ തൊഴിലാലികളും ഉന്നതിയിലെ ആളുകളുമാണ് ക്യാമ്പിലുള്ളത്. നിലവില്‍ ഒരു ദുരിതാശ്വാസക്യാമ്പ് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ എ പി അനില്‍കുമാര്‍, ടി സിദ്ദിഖ് എന്നിവര്‍ ഇന്ന് ക്യാമ്പുകള്‍ സന്ദര്‍ശിച്ചേക്കും.

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് മണ്ണിടിച്ചിലും ചര്‍ച്ച ചെയ്യും. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും പ്രഖ്യാപിച്ചേക്കും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തുരങ്ക പാതയില്‍ വിശദമായ പരിശോധന നടത്താനാണ് സാധ്യത.

അതേസമയം കള്ളാടിയിലെ മണ്ണിടിച്ചിലില്‍ ദുരന്തത്തിന്റെ ആഘാതം കൂടാന്‍ കരാര്‍ കമ്പനിയുടെ വീഴ്ച്ചയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കണമെന്ന ഉത്തരവ് പാലിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പടെ ഇന്നലെ പ്രതികരിച്ചിരുന്നു. അപകട സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാന്‍ ജൂണ്‍ മാസത്തില്‍ തന്നെ ഉത്തരവിറക്കിയിരുന്നതാണ്. എന്നാല്‍ ഇത് പാലിച്ചില്ലെന്നാണ് ആരോപണം.

Exit mobile version