അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കി; കൂടുതല്‍ PSC പരീക്ഷകളില്‍ ക്രമക്കേട്

തിരുവനന്തപുരം: കൂടുതല്‍ പിഎസ്‌സി പരീക്ഷകളില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയതായാണ് കണ്ടെത്തല്‍. എഴുത്തു പരീക്ഷയില്‍ 27% മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖത്തില്‍ 20 മാര്‍ക്കും നല്‍കി. അഭിമുഖത്തില്‍ എഴുത്തു പരീക്ഷയുടെ മാര്‍ക്കിന്റെ 12.02 ശതമാനം മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന ചട്ടം നിലനില്‍ക്കെയാണ് പിഎസ്‌സിയുടെ നീക്കം.

പിഎസ്‌സി റാങ്ക് പട്ടികയില്‍ അട്ടിമറി സംശയിച്ച് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എഴുത്തു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥികളെ മാറ്റിനിര്‍ത്തിയായിരുന്നു അഭിമുഖം എന്ന വിവരവും പുറത്തുവരുന്നുണ്ട്. എഴുത്തു പരീക്ഷയില്‍ 92 മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

പിഎസ്‌സി നിയമനവും പരീക്ഷകളും സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. അസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചിഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്‍കി. ഇതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്.

ഫിഷറീസ് വകുപ്പിലെ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈഎസ്പി (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്.), സര്‍വകലാ ശാല പിആര്‍ഒ തസ്തികകളിലെ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചും പരാതി ഉയര്‍ന്നു.

പിഎസ്‌സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച പരാതികള്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.

 

Exit mobile version