കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് ഇ ഡി എത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇ ഡി സംഘം വീടിന് സമീപത്ത് എത്തിയത്. പാതിരിയാട് വില്ലേജ് ഓഫീസറില്‍ നിന്നും ഇ ഡി സംഘം വിവരങ്ങള്‍ തേടി. വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് വീട്ടിലെത്തിയത്. വീടിന് അകത്ത് കയറാതെയായിരുന്നു പരിശോധന. സ്‌കെച്ച് പ്ലാന്‍ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിച്ചത്. ഇ ഡി സംഘം ഇപ്പോഴും കണ്ണൂരില്‍ തന്നെ തുടരുന്നതായാണ് വിവരം.
രണ്ട് ഇ ഡി ഉദ്യോഗസ്ഥരാണ് പാതിരിയോട് വില്ലേജ് ഓഫീസറെയും കൂട്ടി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. വീടിന് മുന്നിലുളള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം സംഘം മടങ്ങി. തുടര്‍ന്ന് പിണറായി വില്ലേജിലെ എടക്കടവിലെത്തി പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ഉടമസ്ഥതയിലുളള ഭൂമിയുടെയും ചിത്രങ്ങളെടുത്ത് മടങ്ങി. എന്നാല്‍ എന്തിനാണ് പരിശോധന നടത്തിയത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
നേരത്തെ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഐഎം പാളയം ലോക്കല്‍ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തളളിയിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് നസീറ ജാമ്യാപേക്ഷകള്‍ തളളിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഇ ഡി അഭിഭാഷകനും വാദിച്ചിരുന്നു.
