കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍ കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേന. മമത ബരായ്പൂരില്‍ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിക്കാനിരിക്കെയാണ് സേനാ വിന്യാസം. സന്ദര്‍ശനം തടയാനാണെന്നാണ് മമതാ ബാനര്‍ജി ആരോപിക്കുന്നത്.
അഭിഷേക് ബാനര്‍ജിയുടെ വീടിന് പുറത്തും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യം തടയുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ടിഎംസിക്കെതിരെ ബിജെപി രംഗത്തെത്തി. പതിവ് സുരക്ഷാ ക്രമീകരണങ്ങള്‍ മാത്രമാണെന്നും വിവാദം സൃഷ്ടിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമമാണിതെന്നും ബിജെപി ആരോപിച്ചു.
സൗത്ത് 24 പർഗാനാസ് ജില്ലയിൽ ബരായ്പൂരിലെ സൂര്യപൂർ പ്രദേശത്താണ് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിലെ പ്രതി പെൺകുട്ടിയുടെ കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. സംഭവം പ്രദേശത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. കേസിൽ ബിജെപി പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരിയുടെ ജന്മദിനത്തിന് സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. പിന്നീട് തിരിച്ചെത്തിയില്ല. നാല് പേർ ചേർന്ന് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്. രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോൾ അവർ കാര്യമായെടുത്തില്ലെന്നും കുടുംബം ആരോപിച്ചു.
ഞായറാഴ്ച രാവിലെ പ്രദേശവാസികൾ സംശയ തോന്നിയ ഒരാളെ പിടികൂടി. ഇയാളാണ് പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സൂര്യപൂർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിനടുത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തുകയായിരുന്നു.
