കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് വീണയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വീണയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ഇ ഡി സംഘം പറയുന്നു. 2.78 കോടി രൂപയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.
ചോദ്യം ചെയ്യലിനായി വീണയോട് അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എല്‍ ഉന്നതരെയും വീണ്ടും ചോദ്യം ചെയ്യും. വീണയുടെ സ്വത്തുക്കള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇ ഡി ശേഖരിക്കുന്നുണ്ട്.
കേസില്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ ഡി. വീണയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ തരപ്പെട്ടത് എങ്ങനെയെന്നാണ് അന്വേഷണം. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് എന്തെങ്കിലും ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്നും അതിന്റെ പ്രത്യുപകാരമാണോ കരാര്‍ എന്നും പരിശോധിക്കുന്നുണ്ട്.
ഇന്നലെയായിരുന്നു വീണയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍. ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. എസ്എഫ്‌ഐഒയില്‍ നിന്ന് ശേഖരിച്ച നിര്‍ണായക രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 134 രേഖകളാണ് ഇ ഡിയ്ക്ക് എസ്എഫ്ഐഒയില്‍ നിന്നും ലഭിച്ചത്. വീണയും എക്സാലോജിക്കും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകളും വീണയുടെ ഐടി റിട്ടേണും വിശദമായ മൊഴിപ്പകര്‍പ്പും അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.
