ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് ആരോപണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം വേണമെന്ന ഹർജി ഉടൻ പരിഗണിക്കാതെ സുപ്രീം കോടതി. അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെടുത്തതുമെന്ന ആരോപണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും ചെയ്യണമെന്ന ഹർജി ജൂൺ 29-ന് കോടതിയിൽ പരാമർശിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്നാണ് അഭിഭാഷകരായ അജയ് കുമാർ റായിയും ദിനേഷ് കുമാർ യാദവും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഹർജി നമ്പർ നൽകിയിട്ടുണ്ടെങ്കിലും വിചാരണ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഹർജിയിൽ നടപടിക്രമ സംബന്ധമായ അപാകതകളൊന്നുമില്ലെങ്കിൽ രജിസ്ട്രി അത് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി. ഹർജി രജിസ്റ്റർ ചെയ്തതായും യാതൊരു അപാകതകളും ഇല്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ജൂൺ 29-ന് കേസ് പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ അന്നേ ദിവസം വിഷയം വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
ആവശ്യമായ നിയന്ത്രണ, മേൽനോട്ട, ഓഡിറ്റ് സംവിധാനങ്ങൾ രൂപീകരിച്ച് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനും നിർദേശം നൽകണമെന്ന ആവശ്യവും ഹർജിയിലുണ്ട്. ഇതിലൂടെ പൊതുജനങ്ങളുടെയും കോടിക്കണക്കിന് ഭക്തരുടെയും സംഭാവന നൽകുന്നവരുടെയും വിശ്വാസം സംരക്ഷിക്കാനാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ട്രസ്റ്റുമായി ബന്ധപ്പെട്ട് സംഭാവനാ തുക കാണാതായെന്നതും മറ്റ് ക്രമക്കേടുകൾ നടന്നെന്നതുമായ റിപ്പോർട്ടുകൾ ശരിയാണോ അല്ലയോ എന്നത് അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടതെന്ന് ഹർജി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇത്തരം വാർത്തകൾ അയോധ്യയുടെ മഹത്വം പുനഃസ്ഥാപിക്കാൻ വർഷങ്ങളായി പോരാടിയവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയും സ്ഥിരം ക്രിമിനൽ കേസ് എടുക്കാതെയും അന്വേഷണം ആരംഭിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ക്രിമിനൽ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിൽ ആവശ്യമായ വൈദഗ്ധ്യവും സംവിധാനങ്ങളും ഉള്ള ഏകീകൃത അന്വേഷണ ഏജൻസി മുഖേന സ്വതന്ത്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അത്തരം അന്വേഷണം പൊതുജനങ്ങളിൽ കൂടുതൽ വിശ്വാസം വളർത്തുമെന്നുമാണ് ഹർജിക്കാരുടെ വാദം. ഭരണ തലത്തിലുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച നിലവിലെ എസ്ഐടി നടത്തുന്ന പ്രാഥമിക അന്വേഷണത്തേക്കാൾ പ്രത്യേക അന്വേഷണ വൈദഗ്ധ്യമുള്ള ഏജൻസി നടത്തുന്ന അന്വേഷണം കൂടുതൽ വിശ്വാസ്യത ഉറപ്പാക്കുമെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് കേവലം ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണം മാത്രമല്ല കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും വികാരത്തെയും പൊതുജനങ്ങളുടെ ആത്മവിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
