ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതം’; സിഎജി റിപ്പോര്‍ട്ട് തള്ളി പിണറായി വിജയന്‍

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി രൂപ വകമാറ്റിയെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക വര്‍ഷാവസാനം ചെലവഴിക്കാതെ കിടക്കുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റാറുണ്ടെന്നാണ് വിശദീകരണം. ഇങ്ങനെ മാറ്റുമ്പോള്‍ ഒരു പൈസ പോലും നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതമാണ്. മറ്റെന്തെങ്കിലും ആവശ്യത്തിനായി വക മാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നുമില്ല. ഉന്നത ഉദ്യോഗസ്ഥര്‍ തൃപ്തികരമായ മറുപടി നല്‍കിയിട്ടും സിഎജി വസ്തുതകള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുതാത്തത് എന്തോ സംഭവിച്ചു എന്ന പ്രതീതി സൃഷ്ടിക്കുകയാണെന്നും അതിന് റിപ്പോര്‍ട്ടിനെ മറയാക്കി രാഷ്ട്രീയപ്രേരിതമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി രൂപ വകമാറ്റിയെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയാണെന്നും റിപ്പോര്‍ട്ടിൽ പരാമര്‍ശിച്ചിരുന്നു. 39,230 കോടി രൂപയാണ് ഓഫ് ബജറ്റ് കടബാധ്യത. തീര്‍പ്പാക്കാത്ത കടബാധ്യത മാത്രം 3,511 കോടിയുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ടായിരുന്നു.

 

Exit mobile version