മദ്യനികുതിയിൽ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; ഗുണഭോക്താവ് ബെക്കാഡിയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയില്ല. ബജറ്റ് ചര്‍ച്ചയ്ക്കിടെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെയ്ക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. കെഎൻ ബാലഗോപാൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ബജറ്റ് ചര്‍ച്ച ഇന്നും നാളെയും കൊണ്ടേ പൂര്‍ത്തിയാകൂവെന്നും ശേഷം മാത്രമെ മറ്റുനടപടികളിലേക്ക് കടക്കാന്‍ കഴിയൂവെന്നും സ്പീക്കർ അറിയിക്കുകയായിരുന്നു. ബജറ്റ് ചര്‍ച്ച നടക്കുമ്പോള്‍ മറ്റുകാര്യങ്ങള്‍ അനുവദനീയമല്ലെന്ന് വര്‍ക്കല രാധാകൃഷ്ണന്റെ തന്നെ റൂളിംഗ് ഉണ്ടെന്നും അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്നുമാണ് സ്പീക്കര്‍ അറിയിച്ചത്. എന്നാല്‍ കേരളത്തില്‍ മദ്യം ഒഴുക്കുന്നതിനുള്ള നയപരിപാടികളുടെ ഭാഗമാണ് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്ന് കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. എന്തിനാണ് ഭയക്കുന്നതെന്നും മുന്‍മന്ത്രി ചോദിച്ചു. തുടര്‍ന്ന് കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാന്‍ നിവർത്തിയില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിക്കുകയും ഇതേ വിഷയം പിന്നീട് സബ്മിഷനായി കൊണ്ടുവരാമെന്നും അറിയിച്ചു.

സ്വകാര്യമദ്യക്കമ്പനിക്ക് അമിതമായി ലാഭം കൊയ്യാനുള്ള അവസരം ബജറ്റില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ഗൗരവമായ വിഷയമാണ്. സാധാരണക്കാര്‍ക്കോ മനുഷ്യര്‍ക്കോ വേണ്ടിയുള്ള നിര്‍ദേശം അല്ലിത്. കര്‍ണാടകയിലെ മദ്യകമ്പനിയായ ബെക്കാഡിയാണ് ഗുണഭോക്താവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫയല്‍നീക്കം അതിധ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ വാര്‍ത്ത സഭയില്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.

തുടർന്ന് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ചേംബറിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. എത്രപ്രതിഷേധം ഉണ്ടായാലും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കുന്ന പ്രശ്‌നം ഇല്ലെന്നും സഭയുമായി സഹകരിച്ചുപോകണമെന്നും സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.

 

Exit mobile version