അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം ചെയ്യും

കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്. ലൈംഗികാതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. ആയയുടെയും മൊഴിയെടുക്കും. പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് മുന്നിലുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ അങ്കണവാടി ടീച്ചറെ സര്‍വ്വീസില്‍ നിന്നും നീക്കാന്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി. അങ്കണവാടിയില്‍ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി. വനിതാ ശിശു വികസന ഡയറക്ടറോട് മന്ത്രി അന്വേഷണ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അങ്കണവാടിയില്‍ നേരിട്ടെത്തി പരിശോധന നടത്തും.

 

Exit mobile version