ആലപ്പുഴ: കിഫ്ബിയെ തളളാതെ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്‍. കിഫ്ബി നല്ല നിലയില്‍ കൊണ്ടുവരട്ടെ എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. താന്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ വന്‍കിട നിര്‍മ്മാണം 90 ശതമാനവും കിഫ്ബി വഴിയായിരുന്നു എന്ന് ജി സുധാകരന്‍ പറഞ്ഞു. കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കുമെന്നും കിഫ്ബിയെ സമാന്തര സര്‍ക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്, അതിന് അനുമതി കൊടുക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വിരമിച്ച ഐഎഎസുകാരനെ അവിടെ വെച്ചത് തെറ്റായ കാര്യമാണെന്നും അത് സര്‍ക്കാരിന്റെ കണ്‍ട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് കടക്കുകയാണ് സർക്കാർ. അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിര്‍മ്മാണവുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന് അറിയിക്കും. എന്നാൽ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സാമ്പത്തികം അടക്കമുളള എല്ലാ സഹായവും നേരത്തേത് പോലെ നല്‍കും. അനുമതി തേടി കിഫ്ബിയ്ക്ക് മുന്നിലുളള ഫയലുകള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട എന്നാണ് ഉദ്യോഗസ്ഥര്‍ക്കുളള നിര്‍ദേശം.
