കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ കോഴിക്കോട് വിലങ്ങാട് മേഖലയിലെ ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്. വിലങ്ങാടിന് പുറമേ വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരെയും സുരക്ഷിത സ്ഥലങ്ങലിലേക്ക് മാറ്റണമെന്ന് കളക്ടര്‍ ഉത്തവിട്ടു. പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കുന്നതിനും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി വടകര ആര്‍ഡിഒയെയും വടകര തഹസില്‍ദാറെയും ചുമതലപ്പെടുത്തി.
വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വടകര തഹസില്‍ദാര്‍ക്കൊപ്പം ചേര്‍ന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകള്‍ ഉടന്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ക്യാമ്പുകളില്‍ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങള്‍, മെഡിക്കല്‍ സഹായം എന്നിവ ഉറപ്പാക്കണം. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ക്യാമ്പുകള്‍ക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും സുരക്ഷ നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് (കോഴിക്കോട് റൂറല്‍) നിര്‍ദ്ദേശം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ടീമുകള്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെയുള്ള യാത്രകള്‍ നിരോധിച്ചു. അപകട മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
