ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. സിജെപിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ രാവിലെ എട്ട് മണിക്ക് ഡൽഹിയിൽ എത്തിച്ചേരും. രാവിലെ ഒൻപത് മണിക്ക് ജന്തർ മന്തറിലെ ജന്തർ മന്തറിലെ പാർലമെൻ്റ് സ് ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരാണ് അനുയായികൾക്ക് സിജെപി നേതൃത്വം നൽകിയിരിക്കുന്നത്. സിജെപിയുടെ പ്രതിഷേധത്തിന് വ്യാപക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ സ്വീകാര്യത കിട്ടിയ കോക്രോച്ച് ജനതാ പാർട്ടി പരസ്യമായി തെരുവിലേയ്ക്ക് വരുമ്പോൾ എന്താണ് സംഭവിക്കുക എന്നതാണ് ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.
ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയേക്കുമെന്നാണ് സൂചന. അപേക്ഷ ലഭിച്ചാൽ തീരുമാനം എടുക്കുമെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ ഇന്ത്യയിലേയ്ക്ക് വരുന്ന സിജെപി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ പൊലീസ് അറസ്റ്റ് ചെയ്തേക്കില്ലെന്നാണ് വിവരം. കരുതലോടെ സിജെപിയുടെ പ്രതിഷേധത്തെ നേരിടാനാണ് ഡൽഹി പൊലീസ് ഒരുങ്ങുന്നത്. സിജെപി പ്രതിഷേധത്തിന് മുൻകൂർ അനുമതി തേടിയാൽ നൽകിയേനെ എന്ന് ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. പ്രതിഷേധിക്കേണ്ട അന്നുരാവിലെ അനുവാദം ചോദിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും നിയന്ത്രിത പ്രതിഷേധമാണേൽ അനുവാദം നൽകും എന്നാണ് റിപ്പോർട്ട്. പ്രതിഷേധിക്കാൻ എത്തുന്നവരെ തടയില്ലെന്നാണ് സൂചന. സൗമ്യതയോടെ ഇടപെടണമെന്നും പ്രതിഷേധക്കാരോട് തട്ടിക്കയറരുത് എന്ന് ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ ഡൽഹി പൊലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും ഡിസിപിമാർക്ക് പ്രത്യേക സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. ജന്തർമന്ദിറിൽ മാത്രം 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന അനുയായികൾ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ കാർഡും സിജെപി നേതൃത്വം പങ്കുവെച്ചിരുന്നു. ത്രിവർണ പതാകയും ഒരു പുസ്തകവും കൈയ്യിൽ കരുതണമെന്നാണ് ഇതിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാം രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. സത്യത്തിന് നിങ്ങളുടെ ക്യാമറയല്ലാതെ മറ്റൊരു വക്താവില്ലെന്നാണ് അനുയായികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശത്തിൽ സിജെപി നേതൃത്വം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദുഷ്പ്രവർത്തികൾ പൊലീസിന് റിപ്പോർട്ട് ചെയ്യണമെന്നും കുറ്റക്കാരെ നേരിടരുത്. നിയമം അവരെ കൈകാര്യം ചെയ്യട്ടെയെന്നും വ്യക്തമാക്കിയിട്ടുണ്ട്. നമ്മൾ സൂര്യനുമായി സഹകരിക്കണം എന്ന് ചൂണ്ടിക്കാണിച്ച് സൺസ്‌ക്രീൻ ഉപയോഗിക്കുക, തൊപ്പി എടുക്കുക, ജലാംശം നിലനിർത്തുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടികയും സിജെപി നേതൃത്വം പുറത്ത് വിട്ട സോഷ്യൽ മീഡിയ കാർഡിൽ ഉണ്ട്. നിങ്ങൾക്ക് സഹായിക്കാൻ കഴിയുമെങ്കിൽ ഒറ്റയ്ക്ക് വരരുതെന്ന നിർദ്ദേശം ചൂണ്ടിക്കാണിച്ച് കാക്കപ്പൂക്കൾ കൂട്ടമായി എത്തുമ്പോൾ പ്രസ്ഥാനം ശക്തമാകും. നിങ്ങൾ കുടുംബത്തോടൊപ്പം വരുമ്പോൾ അത് ഉച്ചസ്ഥായിയിലെത്തും! എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രക്ഷോഭം സമാധാനപരമായിരിക്കണമെന്നും പൊലീസിന് പൂക്കൾ കൈമാറണമെന്നാണ് നിര്ർദ്ദേശം. പൂക്കൾ എറിയരുത്, അവ സമർപ്പിക്കുക എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പൂക്കൾ കൊണ്ടുവന്ന് പോലീസിന് കൈമാറുക. നമ്മുടെ യുവാക്കളുടെ ഭാവിയെ പരിപാലിച്ചതിന് അവരോട് നന്ദി പറയുക എന്നും പറഞ്ഞിട്ടുണ്ട്. പരിഹാസങ്ങളോടും പ്രകോപനങ്ങളോടും ഏറ്റുമുട്ടരുതതെന്നും നിർദ്ദേശമുണ്ട്. അവർ പ്രൊഫഷണലുകളാണ്. പ്രൊഫഷണലുകളുമായി മത്സരിക്കരുതെന്ന് സൂചിപ്പിച്ചിരിക്കുന്നത്. വിശന്ന് വരരുതെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിന് എത്തുന്നതിനു മുമ്പ് ഭക്ഷണം കഴിക്കണമെന്നും വിപ്ലവത്തിന് പ്രഭാതഭക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മറക്കരുതെന്നും നിർദ്ദേശമുണ്ട്.
