മന്ത്രിസഭ രൂപീകരിച്ച് ഡികെ സർക്കാർ; ശിവകുമാറിന് ധനകാര്യം, പ്രിയങ്ക് ഖാർ​ഗെ ആഭ്യന്തര മന്ത്രി

 

ബെം​ഗളൂരു: കർണാടക മന്ത്രി സഭാ പദവികളിൽ തീരുമാനമായി. ഇന്നലെ വൈകിട്ട് നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് വകുപ്പ് വിഭജനം നടന്നത്. മുഖ്യമന്ത്രി ഡി കെ ശിവകുമാർ ധനകാര്യം, കാബിനറ്റ്, പേഴ്‌സണൽ & അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജൻസ്, കൂടാതെ അനുവദിക്കാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യും. മല്ലികാർജുൻ ഖാർഗെ യുടെ മകൻ പ്രിയങ്ക് ഖാർഗെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി.

ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകൾ നൽകി. കെ ജെ ജോർജ് ഊർജ്ജവും വിനോദസഞ്ചാരവുമാണ് കൈകാര്യം ചെയ്യുക. യുടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പുമാണ് നൽകിയത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് നഗരവികസനമാണ് ലഭിച്ചത്. കെ എച്ച് മുനിയപ്പ ഭക്ഷ്യസുരക്ഷ മന്ത്രിയായി തുടരും. വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി, മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീൽ. ഇവർ മന്ത്രി സ്ഥാനത്ത് തന്നെ തുടരുന്നവരാണ്.

ബുധനാഴ്ച വൈകീട്ടാണ് കർണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അധികാരമേറ്റത്. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേർന്നിരുന്നു.

Exit mobile version