ധവളപത്രം ഉമ്മാക്കി അല്ല; നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടി: വി ഡി സതീശന്‍

 

തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കി അല്ലെന്നും മുന്‍ സർക്കാരിന്റെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. 6,000 കോടി ട്രഷറിയില്‍ ബാക്കിയുണ്ടെന്നാണ് ഇതുവരെ പറഞ്ഞത്. മെയ് 16ാം തീയതി രണ്ടായിരം കോടിയാണ് ഉള്ളത്. ആളുകളെ പറ്റിക്കുകയാണ്. മുന്‍ സർക്കാരിന്റെ കയ്യില്‍ 6,000 കോടി ഉണ്ടായിരുന്നുവെങ്കില്‍ കടം കൊടുക്കാനുള്ളിടത്ത് എന്തുകൊണ്ട് കൊടുത്തില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു.

‘27,000 കോടി ഡിഎ കുടിശ്ശികയുണ്ട്. 6,000കോടി ബാക്കിയുണ്ടെങ്കില്‍ ഒരു കുടിശ്ശികയെങ്കിലും കൊടുക്കാമല്ലോ. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള കുടിശ്ശിക എന്തുകൊണ്ട് കൊടുത്തില്ല. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് 476 കോടി രൂപ നല്‍കാനുണ്ട്. കാരുണ്യ സ്‌കീമില്‍ 2017 കോടി ഉണ്ട്. ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒരു കഥയുണ്ടാക്കുക സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക. എല്ലാ വിവരവും ധവളപത്രത്തില്‍ ഉണ്ട്. ട്രഷറി ബാലന്‍സ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പദ്വ്യവസ്ഥ വളരെ മോശമാണ്’, വി ഡി സതീശന്‍ പറഞ്ഞു.

‘കിഫ്ബി കടംവാങ്ങിയ തുകയുടെ പലിശ നിരക്ക് കേട്ടാല്‍ തലകറങ്ങി വീഴുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രത്യേക സാമ്രാജ്യം പോലെയാണ് കിഫ്ബിയെ വെച്ചിരിക്കുന്നത്. കിഫ്ബി ഞങ്ങള്‍ക്കൊരു പ്രശ്‌നമാണ്. പൊതുമരാമത്ത് വഴിയുണ്ടായ നഷ്ടവും കൂടുതലാണ്. പിഡബ്ല്യൂഡി വകുപ്പിലുണ്ടായ അനാവശ്യകാലതാമസം പ്രതിസന്ധിയുണ്ടാക്കിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ട്രഷറിയില്‍ വലിയ തുകയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണ്. ട്രഷറി ക്യാഷ് ബാലന്‍സ് പരിശോധിച്ചാല്‍ ഇത് വാസ്തവം അല്ലെന്ന് മനസ്സിലാകും. ജനങ്ങളെ കബളിപ്പിക്കുകയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Exit mobile version