രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെയും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്ന ആരോഗ്യ ജീവനക്കാരെ കൗണ്‍സിലിങ്ങിന് അയയ്ക്കാനും തീരുമാനമുണ്ട്.

അതേസമയം സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടിയുണ്ടാകും. മോശമായി പെരുമാറിയ സ്റ്റാഫിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കും. ഇതുവരെ റിട്ടണ്‍ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത കണ്ടത്. പരാതിക്കാര്‍ക്ക് എന്ത് കാര്യങ്ങളുണ്ടെങ്കിലും അന്വേഷണത്തിൻ്റെ വേളയിൽ പറയാം. മുഖം നോക്കാതെ നടപടി ഉണ്ടാകും. ഇപ്പോള്‍ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് മറ്റൊരു രോഗം ഉണ്ടായിരുന്നു. മരണകാരണം എന്താണെന്ന് അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാനിരുന്ന രോഗിയുടെ കാലിലായിരുന്നു പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പാരിപ്പള്ളി സ്വദേശിയായ 61കാരന്‍ രാജേന്ദ്രപ്രസാദിനായിരുന്നു ഈ ദുരവസ്ഥ. ശസ്ത്രക്രിയില്‍ കമ്പിയിട്ട രാജേന്ദ്രപ്രസാദിന്റെ കാല്‍ ചെറുമകന്‍ പതിയെ ഉയര്‍ത്തി നോക്കിയപ്പോഴാണ് പുഴുവരിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്.

Exit mobile version