സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്; 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാർ; ഒരാൾ കണ്ണൂർ; 7 പേർ രോഗമുക്തരായി

സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ്; 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാർ; ഒരാൾ കണ്ണൂർ; 7 പേർ രോഗമുക്തരായി

തിരുവനന്തപുരം∙ സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാരാണ്. ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. 7 പേർ രോഗമുക്തരായി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുപേർ വീതവും വയനാട്ടിൽ ഒരാളുമാണ് രോഗമുക്തരായത്.

ആകെ രോഗബാധിതരുടെ എണ്ണം 457. ആകെ രോഗമുക്തരുടെ എണ്ണം 331. ഇപ്പോൾ ചികിൽസയിലുള്ളത് 116 പേരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2144 പേർ നിരീക്ഷണത്തിലുണ്ട്. 20,580 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. വിഡിയോ കോൺഫറൻസിൽ പ്രവാസികളുടെ കാര്യത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു.

ഇത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്കുള്ള നടപടികളിലും കേന്ദ്ര സർക്കാർ സംതൃപ്തി അറിയിച്ചു. ഹോട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകൾ തുറക്കാം. ആദ്യം കടകൾ പൂർണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും.

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ആശുപത്രികൾ തയാറാകണം. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങളും സാമഗ്രികളും ഇല്ലെന്ന പരാതി വരുന്നുണ്ട്. അയൽസംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുടെ എണ്ണം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പാലക്കാട് ഇന്നലെയും ഇത്തരം സംഭവം ഉണ്ടായി.

സുരക്ഷാ മുൻകരുതൽ ഇല്ലാതെ വരാൻ ശ്രമിച്ചാൽ ആരായാലും തടയും. ലോക്ഡൗൺ കൃത്യമായി പാലിക്കണം. ചിലയിടങ്ങളിൽ ഗുരുതരമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുടയിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂടൽമാണിക്യത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കുളിക്കാൻ ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. കൂട്ടത്തോടെ മീൻപിടിക്കാൻ ഇറങ്ങുന്നവരുമുണ്ട്. ഇത് തടയണം

വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ആരും ചികിത്സയിലില്ല. സംസ്ഥാനത്ത് ആയുർ രക്ഷാ ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. രോഗപ്രതിരോധ ഔഷധങ്ങളും ലഭ്യമാക്കുന്നുണ്ട്. സംസ്ഥാന, ജില്ലാ തലത്തിൽ കോവിഡ‍് റെസ്പോൺസ് സെല്ലുകൾ ആയുർവേദ മേഖലയിൽ ആരംഭിച്ചു. ആയുർവേദ– സിദ്ധ മേഖലയിലെ പ്രശ്നങ്ങൾ പരിശോധിച്ചു പരിഹരിക്കും. ക്ഷേമനിധി മേഖലയിലുള്ള തൊഴിലാളികൾക്ക് സഹായം നൽകിയിട്ടുണ്ട്.

ലോക്ഡൗൺ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് പരസ്യം ലഭിക്കുന്നില്ല. മാധ്യമപ്രവർത്തകർക്ക് രോഗഭീഷണി ഉണ്ട്. മറ്റു പല സംസ്ഥാനങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് പരിശോധന നടത്തും. മാധ്യമ സ്ഥാപനങ്ങൾ പിരിച്ചുവിടലും ശമ്പള വെട്ടിക്കുറയ്ക്കലും നടപ്പാക്കരുതെന്ന് അഭ്യർഥിക്കുന്നു. മാധ്യമങ്ങളുടെ പരസ്യകുടിശിക പിആർഡിയിൽ നിന്ന് നൽകാനുണ്ട്. അത് നൽകാൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

കോവിഡ് ബാധിച്ച് ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോഗമുക്തി നേടിയിട്ടുണ്ട്. 60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ഹൈറിസ്‌കിലാണ് എന്നിരിക്കെയാണ് വൃക്കരോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഇതിനായി പ്രയത്നിച്ച ആരോഗ്യ​പ്രവർത്തകരെ അഭിനന്ദിക്കുന്നു.

ദേശീയതലത്തിൽ പൊതുവായി ലോക്ഡൗൺ നിലനിൽക്കുന്നു. ചില ഇളവുകൾ കേന്ദ്ര അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളുടേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം റജിസ്റ്റർ ചെയ്‌ത എല്ലാ കടകൾക്കും പ്രവർത്തിക്കാം. എന്നാൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്ക് ഈ ഇളവ് ബാധകമല്ല.

മുനിസിപ്പിൽ കോ‍ർപറേഷൻ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാം. തുറക്കുന്ന സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ. അകലം പാലിക്കുകയും എല്ലാവരും മാസ്‌ക് ധരിക്കുകയും വേണം. ഏപ്രിൽ 15ലെ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഈ ഉത്തരവ്.

സംസ്ഥാനം ക്ഷേമനിധികൾ നൽകുന്ന കാര്യത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഒരു ക്ഷേമനിധിയിലും ഉൾപ്പെടാതെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളും വ്യക്തികളുമുണ്ട്. ഒരു ആനുകൂല്യവും ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം വിതരണം. ചെയ്യും. അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകും.

ആർസിസിയിൽ ശസ്ത്രക്രിയകൾക്ക് മുൻപ് രോഗികൾക്ക് കോവിഡ് പരിശോധന നടത്തും. ശസ്ത്രക്രിയയ്ക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളിൽ ആരോഗ്യപ്രവർത്തകർ സ്‌പർശിക്കേണ്ടി വരും എന്ന കാര്യം പരി​ഗണിച്ചാണ് പരിശോധന നടത്തുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് വന്നാൽ പെട്ടെന്ന് ഗുരുതരമാകുന്ന അവസ്ഥയുണ്ട്.

ക്യാൻസർ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ല. അതിനാൽ ആർസിസിയിൽ ശസ്ത്രക്രിയകൾ പുനഃരാരംഭിച്ചു. ആർസിസിയിലെ കോവിഡ‍് പരിശോധനാകേന്ദ്രത്തിന് ഐസിഎംആർ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിശോധനകൾ തുടരും.

Exit mobile version