CBSE പുനര്‍ മൂല്യനിര്‍ണയം; ഉത്തരക്കടലാസിൻ്റെ പകര്‍പ്പിനായി അപേക്ഷ നല്‍കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണയത്തിന് ഉത്തരക്കടലാസിന്റ പകര്‍പ്പിനായി അപേക്ഷ നല്‍കാനുള്ള സമയം നീട്ടി. നാളെ അര്‍ദ്ധരാത്രി വരെ അപേക്ഷിക്കാം. ഇന്ന് അര്‍ധരാത്രി വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് നീട്ടിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടതിന് പിന്നാലെയാണ് നടപടി.

പോര്‍ട്ടല്‍ വഴി ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ലഭ്യമാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് സമയം നീട്ടിയത്. എന്നാല്‍ സാങ്കേതിക പിഴവ് നാളത്തേയ്ക്ക് പരിഹരിക്കപ്പെടുമോ എന്ന കാര്യം വ്യക്തമല്ല. ഫീസ് അടക്കുന്നതിലെ സാങ്കേതിക പ്രശ്‌നം ഇപ്പോഴും പരിഹരിച്ചിട്ടില്ല.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. വെബ്‌സൈറ്റിലെ പ്രശ്‌നങ്ങള്‍ കാരണം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. അപേക്ഷ നല്‍കാനായി ഉയര്‍ന്ന ഫീസ് നല്‍ക്കേണ്ട സാഹചര്യമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

പരീക്ഷാ പേപ്പറിന്റെ പകര്‍പ്പ് എടുക്കുന്നതിനും ഉയര്‍ന്ന ഫീസ് ഇടാക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 100 രൂപയാണ് സിബിഎസ്ഇ നിശ്ചയിച്ചത്. എന്നാല്‍ വന്‍ തുക ഈടാക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 69,000 രൂപ മുതല്‍ 8,000 രൂപ വരെ അടച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം പോയിട്ടും പോര്‍ട്ടലില്‍ ക്രഡിറ്റായില്ലെന്ന് പറയുന്ന സംഭവവും ഉണ്ടായിരുന്നു. ഡൗണ്‍ലോഡ് ചെയ്ത ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ അവ്യക്തമെന്നും പരാതി ഉയര്‍ന്നിരുന്നു.

ഈ മാസം 21നാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നത്. സിബിഎസ്ഇ ഇത്തവണ ഓണ്‍ സ്‌ക്രീന്‍ മൂല്യനിര്‍ണയമാണ് അവലംബിച്ചത്. ഉത്തര പേപ്പറുകള്‍ സ്‌കാന്‍ ചെയ്ത് മാര്‍ക്കുകള്‍ നേരിട്ട് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നതായിരുന്നു രീതി. എന്നാല്‍ പരിഷ്‌കരിച്ച രീതി തിരിച്ചടിയായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പരാതികളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നുവന്നത്. പ്രതീക്ഷിച്ച മാര്‍ക്കുകള്‍ ലഭ്യമായില്ലെന്നും സൈറ്റുകളില്‍ അവ്യക്തത തുടരുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Exit mobile version