കോട്ടയത്തെ വിടാതെ കോവിഡ്; ഇന്ന് 3 പേർക്ക്; വാഹന പരിശോധന കർശനമാക്കി

കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

രോഗം സ്ഥിരീകരിച്ച  ആറു പേരും ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സാ വിഭാഗത്തിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ്. മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍നിന്നു നാട്ടിലെത്തിയ ശേഷം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്‍റീൻ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുമ്പാണ് ഷാര്‍ജയില്‍ നിന്ന് എത്തിയത്.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയതു പരിഗണിച്ചാണ് മാതാവിന്‍റെ സ്രവം എടുത്തത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കോട്ടയം നഗരസഭയുടെ പരിധിയിൽ 4 വാർഡുകളും സമീപ പഞ്ചായത്തുകളായ പനച്ചിക്കാടും വിജയപുരവുമാണു ഹോട്സ്പോട്ട് മേഖലകൾ. ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ച നഗരത്തിലെ വാർഡുകളിലും സമീപ പഞ്ചായത്തുകളിലും കനത്ത ജാഗ്രതയിലാണു പൊലീസും അധികൃതരും. പനച്ചിക്കാട്, വിജയപുരം എന്നിവിടങ്ങളിലെ സമൂഹ അടുക്കള പൂട്ടി. ക്വാറന്റീനിൽ കഴിയുന്നവർക്കു ഭക്ഷണം വീടുകളിലാണ് എത്തിക്കുന്നത്. വാഹന പരിശോധന കർശനമാക്കി

Exit mobile version