കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിരുന്നു. പിന്നാലെ തുക പറഞ്ഞാണ് ഡീല്‍ ഉറപ്പിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നത്.
അതേസമയം, സിന്ധുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലായത്. നടന്നത് ക്രൂരമായ, സംഘടിതമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞിരുന്നു.
ഇരകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ലെന്നും ഗുണ്ടാബന്ധത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താരങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു. മോഡലിങ്ങിന്റെ മറവില്‍ മലയാളി പെണ്‍കുട്ടികളെ വിദേശ സെക്സ് റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരകളാക്കിയ കേസില്‍ മുഖ്യപ്രതിയാണ് സിന്ധു.
മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പൊലീസ് പറയുന്നത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വിസയടക്കം നല്‍കിയതും സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്. കേസില്‍ നിലവില്‍ മൂന്നുപേരാണ് പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് ഇതുവരെ പൊലീസ് പിടിയിലായത്.
