കോവിഡ് 19: പത്തനംതിട്ടയിൽ രോഗമുണ്ടായിരുന്ന 62 കാരി ഉള്‍പ്പെടെ മൂന്നുപേരെ ഡിസ്ചാര്‍ജ് ചെയ്തു

പത്തനംതിട്ട: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 62 കാരി ഉള്‍പ്പെടെ മൂന്നുപേരെ പരിശോധനയില്‍ ഡബിള്‍ നെഗറ്റീവ് ഫലം വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

റാന്നിയിലെ ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് 62 കാരിക്ക് കോവിഡ് പിടിപെട്ടത്. ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

നാല്‍പതു ദിവസത്തില്‍ ഏറെയായി തുടര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കോവിഡ് പരിശോധനയിലാണ് ഡബിള്‍ നെഗറ്റീവായത്.

കോവിഡ് 19 സ്ഥിരീകരിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മറ്റ് രണ്ടുപേരെയും പരിശോധനയില്‍ ഡബിള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും.

നിലവില്‍ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ഇനി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് മൂന്നുപേരാണ്. ഈ മൂന്നുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.

Exit mobile version