കണ്ണൂര്‍: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ തുറന്നടിച്ച് സിപിഐഎം നേതാക്കള്‍. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം. മത്സരിക്കാനുള്ള ടേം വ്യവസ്ഥ പ്രഹസനമാക്കിയെന്നും ഇളവുകള്‍ പിണറായിക്ക് മാത്രമാക്കി മാറ്റിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താനുള്ള യോഗത്തിലാണ് വിമര്‍ശനം. ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു.
‘പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചരണം തിരിച്ചടിയായി. കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തി തോല്‍പ്പിച്ചു. എന്തുകൊണ്ട് ശൈലജയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞില്ല. ജനകീയമുഖമായ ശൈലജയെ മുന്‍നിര്‍ത്തിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ. ഭരണം നഷ്ടപ്പെടുമെങ്കിലും ഇത്ര ദയനീയ പരാജയം ഉണ്ടാവില്ല’, നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി സര്‍ക്കാരിന് അടിമപ്പെടുകയായിരുന്നുവെന്നും വിമര്‍ശനമുണ്ട്. ധര്‍മ്മടം മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും മുന്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.
കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലാ നേതൃയോഗങ്ങളിലും രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ജനവികാരം മാനിച്ച് പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് ഉയര്‍ന്ന ആവശ്യം. പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിയിലും വിമര്‍ശനമുണ്ടായി.
