കോട്ടയം ജില്ലയിലെ കോവിഡ് ബാധിതരുടെ വിവരങ്ങൾ; വിജയപുരവും, പനച്ചിക്കാട്ടും അതീവ ജാഗ്രത

കോട്ടയം:  ജില്ലയിൽ രണ്ടു പേർക്ക് അടക്കം സംസ്ഥാനത്ത് ഇന്ന് പത്തു പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിലെ ചുമട്ടു തൊഴിലാളിയായ 37 കാരനും, പനച്ചിക്കാട് പഞ്ചായത്തിലെ താമസക്കാരനുമാണ് ഇന്ന് കോട്ടയം ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഒന്നാമത്തെയാളുടെ വിവരങ്ങള്‍
ഇന്നലെ(ഏപ്രില്‍ 22 ചൊവ്വ) കോട്ടയം ജനറല്‍ ആശുപത്രിയിലാണ് ലോഡിംഗ് തൊഴിലാളിയുടെ സാമ്പിള്‍ എടുത്തത്. പാലക്കാട്ട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചിരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ ഇയാള്‍ പങ്കാളിയായിരുന്നു.

എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല.ലോഡ് ഇറക്കിയ കടയുടെ ഉടമയുടെയും ഈ തൊഴിലാളിയുടെയും ഉള്‍പ്പെടെ എട്ടു പേരുടെ സാമ്പിളുകള്‍ എടുത്തിരുന്നു. ഇയാള്‍ ഒഴികെ എല്ലാവരും നെഗറ്റീവാണ്.

കോട്ടയത്ത് എത്തിയ ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സാമ്പിള്‍ എടുത്തശേഷം ഇയാളെ പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രണ്ടാമത്തെയാളുടെ വിവരങ്ങള്‍
മാര്‍ച്ച് 24ന് തിരുവന്തപുരത്തുനിന്നും കാറില്‍ കോട്ടയം ജില്ലയില്‍ എത്തി. കോട്ടയത്തുനിന്നും കാറുമായി പോയി ഒരാള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍തന്നെ കഴിയുകയായിരുന്നു എന്നാണ് അറിയിച്ചിട്ടുള്ളത്. ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 22ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇന്നലെ(ഏപ്രില്‍ 22ന് ) കോട്ടയം ജനറല്‍ ആശുപത്രിയില്‍ സാമ്പിള്‍ എടുത്തു.

സ്വീകരിച്ച നടപടികള്‍
ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിന് നടപടി അതിവേഗം പുരോഗമിക്കുന്നു. ലോഡിംഗ് തൊഴിലാളിയുടെ കോട്ടയം മാര്‍ക്കറ്റിലെ സഹപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കും. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കല്‍ ഓഫീസറും മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. മാര്‍ക്കറ്റില്‍ നാളെ(ഏപ്രില്‍ 24) അണുനശീകരണം നടത്തും. മാര്‍ക്കറ്റും രോഗബാധ സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന തദ്ദേശഭരണ മേഖലകളും ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനെ കോട്ടയത്തുനിന്നും പോയി കൂട്ടിക്കൊണ്ടുവന്ന ഡ്രൈവറുടെ സാമ്പിള്‍ ശേഖരിച്ചു. ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Exit mobile version