മുഖ്യമന്ത്രിയെ കാത്ത് കേരളം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒമ്പതാം നാളായ ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ വാദങ്ങളും നിരീക്ഷകരുടെ റിപ്പോര്‍ട്ടും ഒന്നിച്ച് ചര്‍ച്ച ചെയ്താവും അന്തിമ തീരുമാനത്തിലേക്ക് എത്തുക.

മൂന്ന് നേതാക്കളെയും ഘടകകക്ഷികളെയും തീരുമാനം ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം. ഘടകകക്ഷികളോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. വി ഡി സതീശനായി ഉറച്ച് നില്‍ക്കുകയാണ് മുസ്ലിം ലീഗ്. എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് പാണക്കാടാണ് ലീഗ് നേതൃയോഗം ചേരുന്നത്. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍ എന്നിവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാടില്‍ എന്തുസമീപനം സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്യും.

Exit mobile version