ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര്‍ നാസര്‍ പറഞ്ഞു. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ പണിയെടുക്കുന്നില്ലെന്ന് പ്രതിഭ പറയുന്നു. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര്‍ നാസര്‍ ചോദിച്ചു.
‘ലോക്‌സഭയില്‍ മൂന്നാം സ്ഥാനത്ത് പോയപ്പോഴും ഇവര്‍ തന്നെയല്ലേ എംഎല്‍എ. അപ്പോള്‍ എന്താണ് സംഭവിച്ചത്. ഈഴവ വോട്ടുകള്‍ സാധാരണഗതിയില്‍ പ്രതിഭക്ക് കിട്ടിയിട്ടുണ്ട്. ഈ പ്രാവശ്യം എന്തുകൊണ്ട് വോട്ട് കിട്ടിയില്ല എന്ന് പ്രതിഭ പരിശോധിക്കണം. പ്രതിഭ അതേ സമുദായത്തില്‍ നിന്നുള്ള ആളാണല്ലോ’, ആര്‍ നാസര്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഒപ്പം നിന്ന ജനങ്ങള്‍ തന്നെ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്‌തെന്നും ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിയെന്നും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്നും ആര്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു. ഉറപ്പുള്ള വോട്ടുകള്‍ നഷ്ടപ്പെട്ടു. മാറ്റം വരാത്ത വോട്ടുകള്‍ പോലും മാറി. ഗൗരവമായി പരിശോധിക്കുമെന്നും ആര്‍ നാസര്‍ പറഞ്ഞു.
‘അമ്പലപ്പുഴയില്‍ ബിജെപി വോട്ടുകള്‍ മാത്രമല്ല പാര്‍ട്ടി വോട്ടുകളും നഷ്ടപ്പെട്ടു. ജയത്തിന് ശേഷം പാര്‍ട്ടിയെ തള്ളി പറയുന്നത് ജി സുധാകരന്റെ വിവരക്കേടാണ്. ജി സുധാകരന്‍ ഇതിനേക്കാള്‍ നന്നായി തോറ്റിട്ടുണ്ട്. സര്‍ക്കാര്‍ ഉണ്ടാക്കല്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണി. നാട്ടില്‍ മാറ്റം ഉണ്ടാക്കാന്‍ ആണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഇടയില്‍ തിരിച്ചടികള്‍ ഉണ്ടാകുന്നത് സ്വാഭാവികം’, ആര്‍ നാസര്‍ പറഞ്ഞു.
കായംകുളത്ത് വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും യു പ്രതിഭ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവര്‍ത്തനം ഊര്‍സ്വലമായിരുന്നില്ലെന്നും പ്രതിഭ വിമര്‍ശനം ഉന്നയിച്ചിരുന്നു.
