പറ്റുന്നത് എല്ലാം സർക്കാർ ചെയ്തു,LDF അധികാരത്തിൽ വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു’; ആത്മവിശ്വാസത്തിൽ ബാലഗോപാൽ

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അങ്ങനെയാണെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശമ്പളം പോലും പ്രതിസന്ധിയിലാണെന്നും പെന്‍ഷന്‍ ആനുകൂല്യം കൊടുക്കുന്നില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

‘എല്‍ഡിഎഫിന് ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. കോണ്‍ഗ്രസ് ഗ്യാരണ്ടി ജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതുന്നില്ല. ഇന്ദിരാഗ്യാരണ്ടി നടത്തുമെന്ന് പറഞ്ഞ തെലങ്കാനയില്‍ നടത്തിയോ. കേരളത്തില്‍ തന്നെ ക്ഷേമപെന്‍ഷന്‍ കൃത്യമായി നടത്താത്ത സര്‍ക്കാരല്ലേ കോണ്‍ഗ്രസ്, ജനങ്ങള്‍ അവരെ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകരാണ് എല്‍ഡിഎഫിനുള്ളത്’, കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാക്കള്‍ ബോര്‍ഡും പോസ്റ്ററും വെക്കുന്നത് ആത്മവിശ്വാസം കൊണ്ട് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ കൂടെ നിര്‍ത്താന്‍ വേണ്ടി കൂടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ള വോട്ടെടുപ്പ് അല്ല നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version