സംസ്ഥാനത്ത് 11 പേർക്കു കൂടി കോവിഡ്; കോട്ടയം സ്വദേശിക്കും

തിരുവനന്തപുരം:  സംസ്ഥാനത്ത് ബുധനാഴ്ച 11 പേർ കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച കോവിഡ് ബാധിച്ചവരിൽ ഏഴു പേർ കണ്ണൂരിൽ നിന്നുള്ളവരാണ്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നവരിൽ പാലക്കാട് സ്വദേശിയായ ഒരാളുടെ പരിശോധനാ ഫലം ബുധനാഴ്ച നെഗറ്റീവായി. ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 437 ആയി. നിലവിൽ 127 പേരാണ് ചികിൽസയിലുളളത്. 2,91,50 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 28,804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. 19,998 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കോഴിക്കോട് – 2, കോട്ടയം – 1, മലപ്പുറം – 1 എന്നിങ്ങനെയാണ് മറ്റുള്ളവർ. ഇതിൽ അഞ്ചു പേർ വിദേശത്തു നിന്നെത്തിയവരാണ്. സമ്പർക്കത്തിലൂടെയാണ് മൂന്നു പേർക്കു രോഗം വന്നത്.

കോട്ടയത്ത് പ്രവേശിക്കാത്ത പാലാ സ്വദേശിനിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയിൽ നിന്ന് ഡൽഹിയിൽ വന്നിറങ്ങിയ പാലാ സ്വദേശികളായ ദമ്പതികളിലൊരാൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇവരോട് ഡൽഹിയിൽ ക്വറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശം അവഗണിച്ച് ഇവർ ബംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്ന് കാർ മാർഗം കേരളത്തിലേക്ക് വരവേ കമ്പംമേട് വച്ച് പൊലീസ് പിടികൂടി.

ഇതേത്തുടർന്നു നെടുങ്കണ്ടം ആശുപത്രിയുടെ ഐസോലേഷൻ വാർഡിൽ ദമ്പതികളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലം ഇന്നാണ് വന്നത്. ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇവരുടെ പാസ്‌പോർട്ട് അഡ്രസ് പാലായിലെ ആയതിനാൽ കണക്കുപ്രകാരം കോട്ടയം എന്ന് ചേർക്കുകയായിരുന്നു.

Exit mobile version