എഫ്‌സിആർഎ നിയമഭേദഗതി കൊണ്ടുവന്നത് മൻമോഹൻ സിംഗിന്റെ കാലത്ത്, പാലാ പിതാവ് പിതൃ തുല്യൻ: ഷോൺ ജോർജ്ജ്

പത്തനംതിട്ട: എഫ്‌സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിങ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ചൂണ്ടിക്കാണിച്ചു.

പിതൃ തുല്യനാണ് പാലാ പിതാവ്. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. സഭ പൊതുവായി ചര്‍ച്ച ചെയ്ത ശേഷം നിലപാട് പറയണം. നിയമം കൊണ്ടുവന്ന സമയത്ത് കോണ്‍ഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി സഭ ആലോചിക്കണം. കോണ്‍ഗ്രസ് ക്രൈസ്തവരോട് ചെയ്തത് മറക്കരുതെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തടഞ്ഞുവെച്ച് മലയോര കര്‍ഷകരെ ബുദ്ധിമുട്ടിച്ചു. 2010-ല്‍ എഫ്‌സിആര്‍എ നിയമഭേദഗതി കൊണ്ട് വന്നു. മുനമ്പത്ത് വിഷയം ഉണ്ടായപ്പോഴും സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് വിഷയം വന്നപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐയുടെ കൂടെ കൂടിയെന്നും ഷോണ്‍ ആരോപിച്ചു.

‘ക്രൈസ്തവരുടെ ഏറ്റവും വലിയ വിഷയമാണ് റബ്ബര്‍. ആരാണ് റബ്ബറിനെ ഈ നിലയില്‍ എത്തിച്ചത്?. കോണ്‍ഗ്രസാണ് ഈയൊരു അവസ്ഥയില്‍ റബ്ബറിനെ എത്തിച്ചത്. ക്രൈസ്തവ സഭയെ സംരക്ഷിക്കാന്‍ എന്നും ഞാനും എൻ്റെ പാര്‍ട്ടിയും ഉണ്ടാകും. രാഷ്ട്രീയത്തിനപ്പുറം എൻ്റെ സഭ കൂടിയാണ്. അത് കൊണ്ട് തന്നെ അത് സംരക്ഷിക്കാന്‍ എനിക്ക് ബാധ്യസ്ഥത ഉണ്ട്. ഞാന്‍ പിതാവിനെ ഇന്ന് തന്നെ കാണും. എന്ത് കൊണ്ടാണ് പിതാവ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചറിയും. ആരുടെയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങിയാണോ പറഞ്ഞത് എന്ന് അറിയില്ല. പറയുന്നത് ബിജെപിയുടെ അഭിപ്രായമല്ല, ഞാന്‍ ഒരു ക്രൈസ്തവന്‍ എന്ന നിലയിലാണ് ഈ അഭിപ്രായംപറയുന്നത്’, ഷോൺ ജോർജ് പറഞ്ഞു.

Exit mobile version