പത്തനംതിട്ട കൊടുമണ്ണിൽ 16 കാരനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി കുഴിച്ചിട്ടു; പ്രതികൾ പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ട: കൊടുമണ്ണിൽ 16 കാരൻ അഖിലിനെ സൃഹൃത്തുക്കൾ വെട്ടി കൊലപ്പെടുത്തി മണ്ണിൽ കുഴിച്ചിട്ടു. അഖിലിനെ കല്ലെറിഞ്ഞു വീഴ്‌ത്തിയ ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണ കൊണ്ടുവന്ന് മുകളിൽ ഇട്ടു മൂടുകയും ചെയ്തു.

ആളൊഴിഞ്ഞ പറമ്പിൽ സംശയകരമായി രണ്ട് പേർ നിൽക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാരിൽ ചിലരാണ് കൊലപാതകം പുറത്തു കൊണ്ട് വന്നത്. വിവരം അറിഞ്ഞ ഉടൻ പൊലീസും സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു.

സഹപാഠികൾ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിലെ പകയെന്നാണ് സൂചനകൾ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊടുമണ്ണിൽ കൊല ചെയ്യപ്പെട്ട അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് – മിനി ദമ്പതികളുടെ മകൻ അഖിലിന്റെ (16) കൊലപാതകം സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വീടിനോട് ചേർന്ന റബർ തോട്ടത്തിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചക്ക് 1.30 നും 3 മണിക്കും ഇടക്കാണ് സംഭവം. ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്നവർ ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ അഖിലിനെ വീട്ടിൽ നിന്നും സൈക്കിളിൽ വിളിച്ച് ഇറക്കിക്കൊണ്ടു പോകയായിരുന്നുവെന്ന് പറയുന്നു. പ്രതികളിൽ ഒരാളെ അഖിൽ സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയിരുന്നു. ഇതാണ് കൊലക്ക് കാരണമായതായും പൊലീസ് പറയുന്നു. ആര്യ ഏക സഹോദരി. മിനിയാണ് അഖിലിന്റെ അമ്മ.

പോസ്റ്റ്‌മോർട്ടത്തിനായിമൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി. സൈമൺ, അടൂർ ഡി.വൈ.എസ്. പി. ജവഹർ ജനാർദ്, സിഐ. ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Exit mobile version