സ്പ്രിൻക്ലർ; ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് ഹൈക്കോടതി

കൊച്ചി:  സ്പ്രിൻക്ലർ മുഖേന ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന് സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. സ്പ്രിൻക്ലർ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതു താൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. നാളെ ഇതു സംബന്ധിച്ച വിശദീകരണം നൽകാമെന്ന സർക്കാർ അഭിഭാഷകന്റെ അപേക്ഷ തള്ളിയ കോടതി ഇന്നു തന്നെ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, നിർണായകമായ ഡാറ്റകൾ ഒന്നും ഈ സോഫ്ട്‍വെയർ വഴി സർക്കാർ ശേഖരിക്കുന്നില്ല എന്ന വാദമാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. പെട്ടെന്ന് ഒരു സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടിവന്നതിനാലാണ് സർക്കാരിന് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടി വന്നത്. സംസ്ഥാനത്തിന്റെ സൗകര്യങ്ങൾ ഡാറ്റാ വിശകലനത്തിന് പര്യാപ്തമല്ലത്തതിനാലാണ് സ്പ്രിൻക്ലറിനെ ഏൽപിക്കേണ്ടി വന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തിൽ ഇവരുടെ സർവിസ് എടുക്കുന്നത് എന്തിനെന്നു ചോദിച്ച കോടതി ഇപ്പോഴും സ്പ്രിൻക്ലർ മുഖേന ആണോ ഡേറ്റകൾ കൈകാര്യം ചെയ്യുന്നത് എന്നും ആരാഞ്ഞു.

അഭിഭാഷകകനായ ബാലു ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതുവരെ ശേഖരിച്ച ഡേറ്റകള്‍ സ്പ്രിന്‍ക്ലറിന് കൈമാറരുത്. കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത് .

Exit mobile version