ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

തൊടുപുഴ: ഉറവപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്‌റിയ (12) ആണ് മരിച്ചത്.

അച്ഛൻ വി എം അഫ്‌സൽ (39), തൊടുപുഴ മങ്ങാട്ടുകവല കളത്തിൽ ഗോകുൽ എസ് രാജ് (26) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിസ്റിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്‌സലിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ തൊടുപുഴയിൽ എത്തിയ കുടുംബം തൊടുപുഴ സമ്മർഫെസ്റ്റ് കണ്ടശേഷം ഉറവപ്പാറ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Exit mobile version