രാജ്യത്ത് ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അഭ്യൂഹം തള്ളി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും കോവിഡ് കാലത്തെപ്പോലെ ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം. ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. കേന്ദ്രമന്ത്രി ഹർദീപ് പൂരിയാണ് അഭ്യൂഹങ്ങൾ തള്ളി രം​ഗത്തെത്തിയത്. അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അദേഹം പറഞ്ഞു. ലോക്ഡൗൺ പരി​ഗണിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ഇത്തരം സമയങ്ങളിൽ സമ്യമനം പാലിച്ച് ഒരുമിച്ച് നിൽക്കണമെന്നും കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് പൂരി വ്യക്തമാക്കി.

അതിനിടെ രാജ്യത്തെ ഇന്ധന നികുതി കേന്ദ്ര സർക്കാർ വെട്ടി കുറച്ചു. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം.

Exit mobile version