രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഹോര്‍മുസ് പ്രതിസന്ധി തുടരുന്നതിനിടെ രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. എണ്ണകമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പവര്‍ പെട്രോളിന്റെ വില 2.0 രൂപ വര്‍ധിപ്പിച്ചു. എന്നാല്‍, സാധാരണ പെട്രോളിന്റെ വിലയില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല.

പ്രീമിയം 95-ഒക്‌ടേന്‍ പെട്രോളിന്റെ വില ഡല്‍ഹിയില്‍ ലിറ്ററിന് 99.89 രൂപയില്‍ നിന്ന് 101.89 രൂപയായി വര്‍ധിക്കും. ഇതിനൊപ്പം ഇന്‍ഡസ്ട്രിയല്‍ ഡീസലിന്റെ വില 99.89 രൂപയില്‍ നിന്ന് 101.89 ആയി ഉയര്‍ന്നു. മിനിസ്ട്രി ഓഫ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മയാണ് വെള്ളിയാഴ്ച വൈകുന്നേരം വില വര്‍ധിപ്പിച്ചുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാധാരണക്കാരെ ബാധിക്കുന്ന വില വര്‍ധന നടപ്പാക്കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് വലിയ ഇന്ധന പ്രതിസന്ധി ഇന്ത്യ നേരിടുന്നുണ്ട്. പ്രതിസന്ധിയുടെ ചുവടുപിടിച്ച് രാജ്യത്ത് എല്‍.പി.ജി വില വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക എല്‍.പി.ജിയുടെ വിലയാണ് ഉയര്‍ത്തിയത്. മാസങ്ങള്‍ക്ക് ശേഷമാണ് എല്‍.പി.ജി വില രാജ്യത്ത് ഉയര്‍ത്തുന്നത്

അതേസമയം, ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തി. 2.40 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ സൊമാറ്റോയുടെ പ്ലാറ്റ്ഫോം ഫീസ് 14.90 രൂപയായി ഉയരും. നേരത്തെ ജി.എസ്.ടി ഉള്‍പ്പെടാതെ 12.50 രൂപയായിരുന്നു സൊമാറ്റോയുടെ പ്ലാറ്റ്ഫോം ഫീസ്. ഇതാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

സൊമാറ്റോയുടെ പ്രധാന ഏതിരാളിയായ സ്വിഗ്ഗി ജി.എസ്.ടി ഉള്‍പ്പടെ 14.99 രൂപയാണ് പ്ലാറ്റ്ഫോം ഫീസായി ചുമത്തുന്നത്. ഇന്ത്യയിലുടനീളം പ്ലാറ്റ്ഫോം ഫീസ് സൊമാറ്റോ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയിരുന്നു.

Exit mobile version