കെ സുധാകരനെ ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി; തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ച് അനുനയ ചര്‍ച്ച

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ കെ സുധാകരനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെ സുധാകരനെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ച് നേരിട്ട് ചര്‍ച്ച നടത്താനായി തീരുമാനമായിട്ടുണ്ട്. അതിനുശേഷമേ സുധാകരന്‍ മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കുകയുള്ളു എന്നാണ് വിവരം.

ചര്‍ച്ചയില്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യം സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുന്‍പില്‍ ശക്തമായി അവതരിപ്പിക്കുമെന്നും ഇതിന് അനുകൂലമായ തീരുമാനമുണ്ടാകും എന്നുമാണ് സുധാകരനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സുധാകരന് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ തന്നെ അനുനയിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ കെ സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അത് പരസ്യമാക്കും വിധമുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം പുറത്തുവന്നത്. കണ്ണൂര്‍ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും തന്റെ മേല്‍വിലാസവുമെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. കണ്ണൂരില്‍ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നല്‍കിയിരുന്നു. കണ്ണൂരില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം സുധാകരന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടത്തിയത്.

അതേസമയം കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഒതുക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകും, കണ്ണൂരില്‍ ലീഡര്‍ കെ സുധാകരനെ മത്സരിപ്പിക്കുക എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പ് നല്‍കിയിരുന്നു എന്നാണ് കെ സുധാകരനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

Exit mobile version