ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹർദീപ് സിങ് പുരി, പ്രഹ്‌ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, അജയ് തംത, ഹർഷ് മൽഹോത്ര, കമലേഷ് പസ്വാൻ, ഡോ. ചന്ദ്രശേഖർ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്‌നീത് സിംഗ്, ജോർജ് കുര്യൻ എന്നിവരും സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവർക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും കൊച്ചിയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്.

മുൻ കേന്ദ്രസഹമന്ത്രി എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിർമാണത്തിൽ നിർണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിർമാണത്തിന്റെ നോഡൽ ഏജൻസി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയിൽനിന്ന് മാറ്റിനിർത്തിയതെന്ന് വിമർശനമുയർന്നു.

ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സർക്കാർ ബഹിഷ്‌കരിക്കും. വിഷയത്തിൽ കടുത്ത അതൃപ്തിയുള്ളതിനാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ല. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും തന്നെ പരിപാടിയിൽ പങ്കെടുക്കില്ല.

ദേശീയപാതാ ഉദ്ഘാടനത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ദേശീയപാത നിർമാണത്തിൽ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെട്ടതാണ്. ഇന്ത്യയിൽ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നത് എൻഎച്ച് 66നാണ്. 5600 കോടിയാണ് ചെലവഴിച്ചത്. കടമെടുപ്പ് പരിധിയിൽ കൂടി ഉൾപ്പെടുത്തിയപ്പോൾ 12000 കോടിക്ക് തുല്യമായി. എല്ലാ റീച്ചുകളുടെയും റിവ്യൂ യോഗങ്ങൾ കൃത്യമായി നടത്തിയിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിതന്നെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റ് വിവാദങ്ങളിലേക്ക് പോകുന്നില്ല, ജനവും നാടും അത് ചർച്ച ചെയ്യട്ടെ. ഉദ്ഘാടന പരിപാടിയിലെ പങ്കാളിത്തം നോക്കിയല്ല പദ്ധതിയിലെ കഠിനാധ്വാനത്തെ അളക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട്. മുമ്പും പരിപാടിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം സ്റ്റേജിലുണ്ടായിരുന്നു. അന്ന് മന്ത്രിമാർ സദസിലാണ് ഇരുന്നത്. എല്ലാ മന്ത്രിമാരും സ്റ്റേജിൽ കയറി ഇരിക്കണമെന്ന് തങ്ങൾക്കില്ല, അന്ന് അതിനെ തങ്ങളെല്ലാം വിമർശിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണമാകാം ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ട് കേരളത്തിൽ ബിജെപി വളരുന്നില്ല എന്നതിനുള്ള ലളിതമായ ഉത്തരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. കേരളത്തിലെ ജനങ്ങളുടെ മനസിൽ പോസ്റ്റർ പോലെ പതിഞ്ഞതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത വികസനം. എൽഡിഎഫ് സർക്കാർ എടുത്ത നിലപാടാണ് ഈ പദ്ധതിക്ക് കാരണം. ഉദ്ഘാടന പരിപാടിയിൽ വിളിക്കാതിരുന്നത് കൊണ്ട് ഇല്ലാതാകുന്നല്ല യാഥാർത്ഥ്യം. ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല, അപമാനമാണ്. സംസ്ഥാനത്തെ അപമാനിക്കുന്നതാണ് ഈ നിലപാട്. കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒന്നിക്കേണ്ട വിഷയമാണിത്. പദ്ധതിക്കായി ആരാണ് ഇടപെട്ടതെന്ന് ജനങ്ങളുടെ മനസിനറിയാമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയിലാണ് തനിക്ക് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി എന്ന് മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂവെന്നും ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ വി തോമസ് പറഞ്ഞു.

Exit mobile version