സ്വപ്നസാക്ഷാത്കാരം; പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൂച്ചാക്കല്‍: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വേമ്പനാട്ടു
കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. നിരവധിപ്പേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്. 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകള്‍ ഒഴിവാക്കാന്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് നിര്‍മാണം. ഇവിടെ മഴവില്‍ വര്‍ണത്തില്‍ പെയിന്റ് ചെയ്തതോടെ അഴകേറി.

Exit mobile version